Saturday, 27 December 2014

നേത്രാണിയും, അവളുടെ മാന്ത്രിക ലോകവും

ജീവിതത്തിൽ മുമ്പൊരിക്കലും കടൽ തട്ട് കണ്ടു വരാമെന്ന മോഹമുദിച്ചിട്ടില്ല, വളരെ യാദ്രിശ്ചികമായാണ് നിർവാണ നോമാട്സ് (Nirvana Nomads) എന്ന യാത്ര സംഘത്തെ പറ്റി ഫേസ്ബുക്കിൽ നിന്ന് അറിയാനിടയായത്‌. സ്ക്യുബ ടൈവിംഗും പിന്നെ അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഒരു യാത്ര ഒരുക്കുന്നു എന്നായിരുന്നു പരസ്യം. അവസാന തിയതി കഴിഞ്ഞെങ്കിലും ഞാൻ വെറുതെയൊന്നു വിളിച്ചു നോക്കി. എനിക്കെന്നവണ്ണം ഒരു സീറ്റ്‌ ബാക്കിയുടെന്നറിഞ്ഞു, പിന്നെ വേറെ ഒന്നും ആലോചിച്ചില്ല.

വെള്ളിയാഴിച്ച രാത്രി പതിനൊന്നു അപരിചിതരോടൊപ്പം ഞാൻ ബംഗലൂരുവിൽ നിന്ന്  യാത്ര പുറപ്പെട്ടു. മുരുടേഷ്വരയിലേക്ക്.. നഗരാതിർത്തി വിട്ടപ്പോഴേക്കും വഴിയോര വിളക്കുക്കളെ ഇരുട്ട് വിഴുങ്ങി, പിന്നെ വാഹനത്തിന്റെ പന്തക്കണ്ണുകളുടെ വെളിച്ചത്തിൽ ഞങ്ങൾ ചീറി പാഞ്ഞു. യാത്ര തലക്ക് പിടിച്ചവർ തമ്മിൽ പരിചയപ്പെടാനും ഇടപഴകാനും അധികം സമയം വേണ്ടല്ലോ ..  രാവിലെ മുരുടേഷ്വരയിൽ എത്തിയപ്പോഴേക്കും എല്ലാവരും ഇന്നലെ പരിചയപ്പെട്ടവരാണെന്ന് മറന്നു കഴിഞ്ഞിരുന്നു. 

ഇന്ത്യയിൽ സ്ക്യുബ ചെയ്യാൻ നാല് സ്ഥലങ്ങളാണ് പ്രധാനമായി  ഉള്ളത്, ആൻഡമാൻ ദ്വീപുകൾ, ലക്ഷദ്വീപ്, ഗോവ , പിന്നെ മുരുടേഷ്വരയിലെ നേത്രാണി ദ്വീപും. എട്ടുമണിയായപ്പോഴേക്കും ഞങ്ങൾ മുരുടേഷ്വരയിൽ എത്തി, ആർ എൻ എസ് (R N S ) അധിഥി മന്ദിരത്തിൽ ചെക്ക് ഇന് ചെയ്ത് വീണ്ടുമിറങ്ങി. ഈ പട്ടണം ഒരു മുക്കുവപ്പട്ടണമാണെങ്കിലും, ഇവിടെയെങ്ങും തീർത്ഥാടകരെയാണ്. കാണാൻ സാധിക്കുന്നത്  മൂകാംബിക സന്ദർശകരുടെ ഇടത്താവളമാണ് ഈ ചെറുപ്പട്ടണം. മുരുടേഷ്വരയുടെ മുഖമുദ്രയായി തീർന്നിരിക്കുന്നത്, ഇവിടെ സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റൻ മഹാദേവ പ്രതിമയാണ്. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള ശിവ പ്രതിമയാണിതെങ്കിലും, ലോക പട്ടികയിൽ രണ്ടാമതായി. ഒന്നാം സ്ഥാനം നേപാളിലുള്ള കൈലാസ്നാഥ് മഹാദേവ് പ്രതിമയ്ക്കാണ്.

ഓരോ പട്ടണത്തിനു പിന്നിലും ഐതിഹ്യം സർവസാധാരണമാണ്, ഐതിഹ്യം ഇല്ലെങ്കിൽ ഒരു നുണക്കഥയെങ്കിലും കാണും. രാവണൻ തന്റെ കഠിന തപസ്സാൽ മഹാദേവനെ പ്രീതിപ്പെടുത്തി,  ആത്മ ലിംഗത്തിനായി ആവശ്യപ്പെട്ടു. (ആത്മ ലിംഗത്തിനെ പൂജ ചെയ്താണത്രേ ദേവന്മാർ അനശ്വരരായത്). ഒരു കാരണവശാലും തറയിൽ വെക്കരുതെന്നു പറഞ്ഞ് ശിവൻ അത്  കൊടുക്കുകയും ചെയ്തു. ഇതിന്റെ വിപത്ത് മനസിലാക്കിയ നാരദ മുനി ഗണപതിയെയും മഹാവിഷ്ണുവിനെയും വിവരമറിയിച്ചു. ഗണപതി ഒരു ബ്രാഹ്മണ ബാലനായി അവതരിച്ച് രാവണന്റെ അടുത്തേക്ക് ചെന്നു. അതേ സമയം വിഷ്ണു ഭഗവാൻ  സൂര്യനെ മറച്ചു പിടിച്ച്, സായാഹ്നമാക്കി. കൈയ്യിൽ ആത്മ ലിംഗം ഉള്ളതിനാൽ വൈകുന്നേര പൂജാ കർമ്മങ്ങൾക്ക് പോകാനാവാതെ  വിഷമിച്ചു നിൽക്കുന്ന രാവണന്റെ അടുത്തേക്ക്, അതാ ഒരു ബ്രാഹ്മണ ബാലൻ നടന്നു വരുന്നു.  ബാക്കി പറയണ്ടതില്ലല്ലോ.
തറയിൽ വെക്കരുത് എന്ന് പറഞ്ഞ് രാവണൻ കൊടുക്കുകയും, രാവണൻ പോയ നിമിഷം ബാലൻ വെക്കുകയും ചെയ്തു. മറച്ചു പിടിച്ച സൂര്യനെ വിഷ്ണു പൂർവസ്ഥിതിയിലാക്കി. അമ്മളി പറ്റിയെന്ന് മനസ്സിലാക്കിയ രാവണൻ തിരിച്ചെത്തിയപ്പോഴേക്കും, ബാലന്റെ പൊടിപോലും അവിടെങ്ങും ഇല്ല. കലിതുള്ളിയ രാവണൻ തറയിൽ ഉറച്ചു പോയ ആത്മ ലിംഗത്തെ വലിച്ചെടുക്കാൻ നോക്കിയപ്പോൾ പല കഷ്ണങ്ങളായി അഞ്ച് പ്രദേശങ്ങളിൽ പതിച്ചു . ആത്മ ലിംഗത്തെ മറച്ച് വെച്ച ഒരു തുണികഷ്ണം മൃദേഷ്വരയിൽ വീഴുകയും, മൃദേഷ്വര പിന്നെ മുരുടേഷ്വർ അഥവാ മുരുദേഷ്വര എന്നറിയപ്പെട്ടു.

പ്രഭാത ഭക്ഷണം കഴിച്ച്, പൊള്ളുന്ന വെയിലിൽ ഞങ്ങൾ സ്ക്യുബ ചെയ്യ്യാൻ "ഡ്രീംസ്‌ ദിവിംഗ് " ഒരുക്കിയ ബോട്ടിലെക്ക് നടന്നു. കരയിൽ നിന്ന് 20km അകലെയാണ് ഹൃദയാകൃതിയിലുള്ള നേത്രാണീ ദ്വീപ്‌. ഏകദേശം ഒരു മണികൂർ യാത്രയുണ്ട്. ലൈഫ് ജാക്കറ്റുകൾ ഇട്ട് അങ്ങകലെയുള്ള ദ്വീപിലേക്ക് യാത്ര തുടങ്ങി. ഞങ്ങളുടെ ഇൻസ്ട്രക്ടർ രാവത് സ്ക്യുബയുടെ പ്രാഥമിക കാര്യങ്ങൾ വിവരിച്ചു തന്നു. വെള്ളത്തിനടിയിൽ വായിലൂടെ ശ്വാസം വലിക്കേണ്ടത് എങ്ങനെയാണു, പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, അരുതാത്തത് എന്തൊക്കെയാണ് അങ്ങനെ. സ്ക്യുബ എന്നത് സെൽഫ് കണ്‍ട്ടേൻട് അണ്ടർവാട്ടർ ബ്രീതിംഗ് അപ്പാരറ്റസ് (Self Contained Underwater Breathing Apparatus) എന്നതിന്റെ ചുരുക്കപേരാണെന്ന് അപ്പോഴാണ് മനസ്സിലായത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കരയെല്ലാം മാഞ്ഞു കഴിഞ്ഞിരുന്നു, കലങ്ങിയ തവിട് വെള്ളം തിളങ്ങുന്ന നീല നിറമായി. നാലുപാടും അനന്തമായി സാഗരം അലയടിച്ചു കിടക്കുന്നത്  ഒരു സുന്ദര ദൃശ്യം തന്നെ.

പതിയെ നേത്രാണീയെ കണ്ടു തുടങ്ങി,  പരന്നു കിടക്കുന്ന നീലക്കടലിൽ, ഒരു മരതകം പോലെ തലയുയർത്തി നില്ക്കയാണ് നേത്രാണീ. ബോട്ട് ദ്വീപിനെ വലം വെച്ചു. സസ്യങ്ങളാൽ അനുഗ്രഹീതമാണിവിടെ. മനുഷ്യാവാസമില്ലാത്ത ദ്വീപിന്റെ അധിപൻ പ്രാവുകളും ആടുകളുമാണ്. ആളുകൾ ഇല്ലാത്ത പ്രദേശത്തിൽ  ആടുകൾ എവിടുന്നെത്തി എന്നുള്ളത് സ്വാഭാവികമായും ആരും ചോദിച്ചേക്കാവുന്ന ഒരു ചോദ്യമാണ്. പണ്ട് ആൾതാമസം ഉണ്ടായേക്കാം എന്ന് വേണം മനസ്സില്ലാക്കാൻ. നാവിക സേന ഈ ചെറു ദ്വീപുകളിൽ ആയുധ പരീക്ഷണങ്ങൾ നടത്താറുള്ളത് കൊണ്ട്, ഇവിടെ ഇറങ്ങാൻ സർക്കാർ അനുമതി വേണം. കടലിലേക്ക് വാ തുറന്നു നിൽക്കുന്ന ഒരു ഗുഹയെ ഞാൻ ക്യാമറ ലെൻസിലൂടെ അടുപ്പിച്ചു. ആൾതാമസം ഇല്ലാന്ന് പറയുന്നെങ്കിലും, ഈ ഗുഹ നിഗൂഡതക്ക് വകുപ്പുണ്ടാക്കുന്നു.. 
ദ്വീപിനെ പലതവണ  വലം വെച്ച് ബോട്ട് അവസാനം നങ്കൂരമിട്ടു. ബോട്ട് നിലച്ചപ്പോഴേക്കും നെഞ്ചിനുള്ളിൽ ഒരു ചിറകടി ശബ്ദം കേട്ട് തുടങ്ങി. നിലമില്ലാ ആഴക്കടലിലേക്ക് ചാടുകയാണ് എന്നത് ബോട്ട് ആടിയുലയുന്നതിനെക്കാൾ ഊക്കോടെ എന്റെ മനസ്സിൽ മറിഞ്ഞുലയുകയാണ്. നാല്പത് അടിയിലാണ് കടൽ തട്ട് കിടക്കുന്നത്.    

വേറൊരു ബോട്ട് എല്ലാവർക്കും ആവശ്യമായ ഓക്സിജൻ നിറച്ച ടാങ്കുകൾ , വെള്ളത്തിനടിയിൽ ഇടുന്ന ജാക്കറ്റുകൾ, കാലുറകൾ മുതലായവയുമായി കാത്തു നില്പ്പുണ്ടായിരുന്നു. ഓരോരുത്തരായി ആ ബോട്ടിലെക്ക് കടന്നു. പിന്നെ നാലുപേരു വെച്ച് ബോട്ടിന്റെ അരികത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. കടലിലേക്ക് പുറം തിരിഞ്ഞാണ് ഇരിപ്പ്. ഒക്സിജൻ ടാങ്ക് ഘടിപ്പിച്ച ജാക്കറ്റുകൾ മോതുകത്ത് വെച്ച് കെട്ടി. ഓരോ ടാങ്കിലും 2000ലി. പ്രാണവായു നിറച്ചിട്ടുണ്ട്. മിതമായി ശ്വാസം വലിച്ചാൽ അര മണിക്കൂർ നേരം വെള്ളത്തിനടിയിൽ നില്ക്കാം. ജാക്കറ്റിട്ടത്തിന് ശേഷം അരക്കു ചുറ്റും കല്ലുകൾ വെച്ചൊരു പട്ട കെട്ടി. ആഴത്തിലിറങ്ങാൻ സഹായിക്കാനാണ് ഇവ, ശ്വാസം വലിക്കാനുള്ള കുഴലുകൾ വായിൽ കടിച്ചു പിടിക്കാൻ ആവശ്യപ്പെട്ടു. കാലുകളിൽ മീൻ ചിറകുകൾ പോലത്തെ ഉറകൾ ഇട്ടു.  മൊത്തത്തിൽ കണ്ടാൽ സിനിമകളിൽ കാണുന്ന അന്യഗ്രഹ ജീവിയെ പോലെ. 

പിന്നെ റെഡി ആണോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് ഒരൊറ്റ തള്ള്,, മലർന്നു ഒരു നിമിഷം നീലാകാശം കണ്ട്, തലകുത്തി , കടലിലേക്ക്.. ബ്ളും! ഈ തള്ളിനെ ട്രസ്റ്റ് ഫാൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രസ്റ്റ് ഇല്ലാതാക്കുന്ന ഫാൾ എന്ന് പുനർ നാമകരണം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം, വീഴുന്ന ഉടൻ ഇൻസ്ട്രക്റ്റർ നമ്മുടെ ഒക്സിജൻ അളവ് ക്രമീകരിക്കും.


താഴോട്ടുള്ള സഞ്ചാരം തുടങ്ങുകയായി. നീല നിറം പൂശിയ വേറേ വേറൊരു ലോകം. ശ്വാസം വിടുമ്പോൾ വെള്ളത്തിനടിയിലാണെന്നു ഓർമ വരും. കൂട്ടം കൂട്ടമായി മീനുകൾ എനിക്ക് ചുറ്റും നീന്തി തുടിക്കുന്നു. പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള  നൂറു കണക്കിനു മത്സ്യങ്ങൾ.. പുറത്തു സാഗരം മറിഞ്ഞിളകുകയാണെങ്കിലും, ഇവിടം വളരെ ശാന്തമാണ്‌. ഈ നിശബ്തതയോട് ആർക്കും പ്രണയം തോന്നി പോകും. പെട്ടന്ന് ഒരു കൂട്ടം കറുത്ത മീനുകൾ എന്റെ അരികിലൂടെ നീന്തി മറഞ്ഞു. ഓരോ കൂട്ടത്തിലും എണ്ണാവുന്നതിലധികം മീനുകൾ ഉണ്ട്. മഞ്ഞയും കറുപ്പും വരകളുള്ള മറ്റൊരു കൂട്ടം എന്റ ശ്രദ്ധ പിടിച്ചു പറ്റി.. അവ ഒരു ദിശയിലേക്ക് കുറച്ചു ദൂരം നീന്തി പോയി, തോടുന്നെ അതെ പോലെ തിരുച്ചു വരുകയും ചെയ്തു. പലതവണ വന്നും പോയും കളിച്ചു കൊണ്ടേയിരുന്നു. താഴോട്ട് പോകുന്തോറും, പവിഴ പുറ്റുകൾ കണ്ടു തുടങ്ങി. മഞ്ഞ കലർന്ന മണ്ണിന്റെ നിറമുള്ളതാണ് മിക്കവയും. പല ആകൃതിയിലുള്ള പവിഴ പുറ്റുകളിൽ നാനാ വർണ്ണത്തിലുള്ള മീനുകൾ വന്ന് ഭക്ഷണത്തിനായി ചികയുന്നത് കണ്ടാൽ പൂന്തോട്ടത്തിൽ ചിത്രശലഭങ്ങൾ തേൻ നുകരാൻ പാറി നടക്കുന്നത് പോലെ തോന്നും. പുറ്റുകളുടെ വിടവിലൂടെ എത്തി നോക്കുന്ന ഒരു വിചിത്ര ആരൽ മത്സ്യത്തെ ഇൻസ്ട്രക്റ്റർ കാണിച്ചു തന്നു. സാധാരണ കാണാറുള്ള ആരൽ മത്സ്യതെക്കാൾ ഭംഗിയുണ്ടായിരുന്നു ഇതിന് . കറുപ്പില്‍ നീല നിറത്തിലുള്ള വൃത്തങ്ങൾ ഉള്ള ഇവനെ ലെപെർട്‌ മൊറെ ഈൽ(Leopard Moray Eel) എന്നാണ് വിശേഷിപ്പിക്കുന്നത്. ദേഹത്ത് നീളമുള്ള മുള്ളുകൾ ഉള്ള കടലചേനകൾ (Sea Urchins ) അവിടവിടെയായി സ്ഥലം പിടിച്ചിട്ടുണ്ട്.  


ഒരു ഇരുണ്ട ഗുഹാ മുഖത്ത് ഇൻസ്ട്രക്ടർ എന്നെ നിർത്തി. ഇരുട്ട് വല്ലാതെ എന്നെ അലട്ടി. പുറകോട്ട് പോകാൻ ശ്രമിച്ചപ്പോൾ ഒരു നിമിഷം നില്ക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു. അജ്ഞാതമായ എന്തോ ഒന്നിനെ ഭയന്നു ഇരുട്ടിന്റെ മുന്നിൽ മനസ്സാ മുട്ടുകുത്തി നില്ക്കവേ എനിക്ക് നേരെ ഒരായിരം സ്വർണ്ണ മീനുകൾ ചിന്നിച്ചിതറിയെത്തി. നിമിഷങ്ങൾക്കകം നീന്തി അപ്രത്യക്ഷമാവുകയും ചെയ്തു. ഒരു അവിസ്മരണീയമായ കാഴ്ച തന്നെയായിരുന്നു അത്. ഇനി ഒരിക്കലും മനസ്സിൽ നിന്ന് മായാതെ പതിഞ്ഞു കിടക്കുന്ന ഒരു സ്വപ്നതുല്യമായ അനുഭൂതി. 

അവസാനം കടൽത്തട്ടിനരികെ എത്തി.ഉയർന്ന വായു സമ്മർദ്ദം മൂലം ചെവികൾ വേദനിച്ചു തുടങ്ങിയപ്പോൾ, മൂക്കും വായും അടച്ചു പിടിച്ചു ശ്വാസം വിടാൻ ഇൻസ്ട്രക്ടർ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് വെള്ളത്തിനടിയിൽ വായു മൂലം ഉണ്ടാകുന്ന സമ്മർദ്ദത്തെ ക്രമീകരിക്കുന്നത്. വേദന കുറഞ്ഞപ്പോൾ ഞാൻ വീണ്ടും പരിസരത്തേക്കു ശ്രദ്ധ തിരിച്ചു. അധികം മീനുകൾ ഇവിടില്ല.ഒന്നോ രണ്ടോ സാമാന്യം വലിപ്പമുള്ള മീനുകൾ ഒറ്റോറ്റയായി പിണങ്ങി നില്പ്പുണ്ട്. ഞാനൊന്ന് മുകളിലേക്ക് നോക്കി. നേർത്ത സൂര്യ പ്രകാശം കാണാം. ആ തിളങ്ങുന്ന നീലതിരശ്ശീലക്ക് മുന്നിൽ, ഒഴുകിയെത്തുന്ന ഓളത്തിന് ചുവടു വെക്കുന്ന മത്സ്യങ്ങളേയും, പവിഴപ്പുറ്റുകളെയും, നാനാ വിധ ജീവജാലങ്ങളെയും ഞാൻ നോക്കി നിന്നു.. അമ്പരപ്പോടെ... 

തിരിച്ചു പോകാനുള്ള സമയമായി. ഈ മായാ ലോകത്തോട്‌ വിടപറഞ്ഞു കൊണ്ട് മുകളിലോട്ടുള്ള യാത്ര തുടങ്ങി. മിനിറ്റുകൾക്കകം ഞങ്ങൾ ജല നിരപ്പിലെത്തി. ജാക്കറ്റുകൾ തിരിച്ചേൽപ്പിച്ച്  ഓരോരുത്തരായി ബോട്ടിൽ കയറി.. തൊണ്ടയിൽ ഒരു വരൾച്ചയും, വായിൽ ഉപ്പുരസവും അനുഭവപ്പെട്ടു. എന്നിരുന്നാലും എല്ലാവർക്കും ഒന്നേ പറയാനുണ്ടയിരുന്നോവൊള്ളൂ, 'ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭൂതിയാണിത്'..അനേകം യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും, പലതവണ വരണം എന്ന് തോന്നുന്ന വളരെ ചുരുക്കം സ്ഥലങ്ങളെയുള്ളൂ , അതിലൊന്നാണിത്. മായമോഹിനിയായ നേത്രാണിയും, അവൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ മാന്ത്രിക ലോകവും. 

Friday, 1 November 2013

ഒരു വരവ് കൂടി വരേണ്ടി വരും

'ഒരു വരവ് കൂടി വരേണ്ടി വരും' എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ തവണ സാവൻ ദുർഗ്ഗയോട് യാത്ര പറഞ്ഞ് ഇറങ്ങിയത്.  ബംഗലൂരു നഗരത്തിൽ നിന്ന് ഏകദേശം 50km ക്കകലെ, മഗടി താലൂക്കിലാണ്, സാവൻ ദുർഗ്ഗ മലനിരകൾ സ്ഥിധി ചെയ്യുന്നത്. സാവൻ ദുർഗ്ഗ ഇരട്ടത്തലയൻ മലകളാണ്, ഒരുത്തനെ ബില്ലി ഗുഡാ(വെളുത്ത മല) എന്നും മറ്റവനെ കരി ഗുഡാ(കറുത്ത മല) എന്നും വിളിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1220m ഉയരത്തിൽ, നല്ല ഗമയിൽ തലയുയർത്തി നിൽക്കുന്ന ചെങ്കുത്തായ പാറമടകൾ. ഹൈദർ അലിയുടെ കാലഘട്ടത്തിൽ ഈ മലകൾ ഒരു കാരാഗൃഹമയിരുന്നത്രേ, ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത, സാവിന ദുർഗ്ഗ അഥവാ മരണത്തിന്റെ കോട്ട എന്ന ഓമനപ്പേരുള്ള സാവാൻ ദുർഗ്ഗ മലകൾ.

കരിഗുഡയെ കീഴടക്കാൻ ഞാൻ  പണ്ടൊരു ശ്രമം നടത്തിയിരുന്നു, എന്നാൽ മല കയറി ശീലമില്ലാത്തതിനാലും, വേണ്ടത്ര  തയ്യാറെടുപ്പുകൾ ഇല്ലാത്തതിനാലും ഞാൻ ആ മല നിരകളുടെ മുന്നിൽ മുട്ടുമടക്കി തിരിച്ചിറങ്ങി. 

മൂന്നു മാസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും പുറപ്പെട്ടു. ഇത്തവണ പതിനൊന്നു യുവതികൽക്കൊപ്പം.  വളരെ യാദ്രശ്ചികമായാണ് ഈ യാത്ര സംഘത്തിനെ പറ്റി ഞാൻ ഒരു വെബ്‌സൈറ്റിൽ നിന്ന് അറിയാനിടയായത്. വനിതകൾക്കായി മാത്രമൊരു യാത്ര സംഘം എന്ന് കേട്ടപ്പോഴേ ഹൃദയം ഒരു സമ്മർസാൽട്ട് അടിച്ചു.. ഇന്നും ഇന്ത്യയിൽ ഒറ്റക്ക് യാത്ര ചെയ്യാൻ ഉള്ള ധൈര്യം എനിക്ക് വന്നിട്ടല്ല. ഏതു ദിനമായാലും, ഏത് പത്രമെടുത്താലും, വനിതകൾക്കെതിരെയുള്ള ആക്രമങ്ങളും പീഡനങ്ങളും, ഒരു ദൈനന്തിക വഴിപാടുപോലെ, എല്ലാത്തിലും കാണാം. ഉള്ളിൽ രോഷം കൊള്ളുക എന്നല്ലാതെ എനിക്കൊന്നും ചെയ്യാൻ സാധിക്കാറില്ല, എന്ത് സാധിക്കുമെന്നും അറിയില്ല. എന്നാലും സഞ്ചാരത്തിനോടുള്ള പ്രേമം ഉപേക്ഷിക്കാൻ സാധിക്കാത്തത് കാരണം, ഇത് പോലുള്ള യാത്ര സംഘങ്ങൾ ആണ് പിന്നുള്ള ആശ്രയം. 

അങ്ങനെ ഒരു ഞായറാഴ്ച രാവിലെ ഞങ്ങൾ പന്ത്രണ്ടു പേർ സാവാൻ ദുർഗ്ഗയെ കീഴടക്കാൻ ഇറങ്ങി പുറപെട്ടു. തലേന്ന് നന്നായി മഴ പെയ്തത് കാരണം, പ്രഭാതം തണുപ്പുള്ളതും കോട മൂടിയതും ആയിരുന്നു. ഒഴിഞ്ഞ് കിടക്കുന്ന നഗര പാതകളിലൂടെ വണ്ടി ചീറിപാഞ്ഞ്‌ നീങ്ങി.വാഹനങ്ങൾ ഇല്ലാത്ത, ആളൊഴിഞ്ഞ ബംഗലൂരു നഗരവീഥി, വരകൾ നഷ്ട്ടപെട്ട പുലി പോലെയാണ്. ഈ നഗരത്തിന്റെ സ്പന്ദനം ഇവിടുത്തെ തിക്കും തിരക്കിലുമാണ്, വിഭിന്നമായ നഗരവാസികളിലാണ്, വാഹനങ്ങളുടെ തീരാ തിരമാലകളിലാണ്‌. ഇതൊന്നും ഇല്ലാത്ത ഒരു ബംഗലൂരു  ആണ് ഇന്ന് എന്റെ മുന്നിൽ നിറഞ്ഞു നിന്നിരുന്നത്. കിരീടം നഷ്ട്ടപെട്ട ഒരു രാജാവിനെ പോലെ..

നഗരാതിർത്തി വിട്ടാൽ പിന്നെ, കണ്ണുകൾക്ക് കുളിർമയേകുന്ന ഹരിത ഗ്രാമങ്ങളാണ് കാണാൻ സാധിക്കുന്നത്. ചെറിയ പട്ടണങ്ങളെയും, വയലുകളേയും താണ്ടി ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിരാവിലെ തിരിച്ചത് കാരണം ഭക്ഷണം കഴിക്കാനായി ഒരു വഴിയോരക്കടയിൽ നിർത്തി. ചൂടോടെ ദോശയും വടയും അകത്താക്കി യാത്ര  പുനരാരംഭിച്ചു. 

ഇതിനോടകം എല്ലാവരും അന്യോന്യം  പരിചയപ്പെട്ട്‌ കഴിഞ്ഞിരുന്നു, പിന്നെ പെണ്‍പ്പടയുടെ സൊറ പറച്ചിലായി. താമസിയാതെ പർവതനിരകൾ കണ്ട് തുടങ്ങി. കോടകൊണ്ട് തലപ്പാവണിഞ്ഞ കൂറ്റൻ മലകൾ കണ്ടപ്പോൾ ഞാൻ അറിയാതൊന്ന് സ്തംഭിചു. നല്ല കുത്തനെയുള്ള ചെരിവ് അള്ളി പിടിച്ചു കയറുന്നത് ദുർഖടമായിരിക്കും.  നിമിഷങ്ങൾക്കകം ഞങ്ങൾ സാവൻ ദുർഗ്ഗയുടെ ചുവടിൽ എത്തി.  മണി ഒൻപതര കഴിഞ്ഞെങ്കിലും, സൂര്യൻ അങ്ങ് ഉഷാറയിട്ടില്ല. രണ്ടു മണിക്കൂർ എങ്കിലും എടുക്കും മലയുടെ ഏറ്റവും മുകളിലെത്താൻ. വഴികാട്ടനായും, കുറച്ചു വെള്ളം കുപ്പികൾ കൊണ്ട് പോകാൻ സഹായിക്കനുമായി ഞങ്ങൾ അവിടുത്തെ സ്വദേശിയായ യോഗേഷ എന്ന പയ്യനെ കൂട്ടുപിടിച്ചു. കണ്ടാൽ പതിമൂന്നു വയസ്സ് തോന്നിക്കുമായിരിക്കും, എന്നാലും മലയുടെ ഭൂമിശാസ്ത്രം അവനു മനഃപാഠമാണ്. കന്നഡ മാത്രമേ അവനു വശമുള്ളൂ എന്നാലും മുറി ഹിന്ദിയും, തമിഴിലും ഇംഗ്ലീഷിലും അവൻ ഞങ്ങളോട് വാതോരാതെ സംസാരിച്ചു. കന്നഡ കേലരി അക്ക( കന്നഡ പഠിക്കു ചേച്ചി ) എന്നും, ഇല്ലി ഹോഗി(ഇവിടെ പോകു) എന്നൊക്കെ നിർദേശിച്ചു കൊണ്ട് ഞങ്ങൾക്ക് മുന്നേ വഴികാട്ടി അവൻ നടന്നു.

മലയുടെ കടയിലേക്കുള്ള യാത്ര കുറ്റികാടുകളിലൂടെയാണ്. മുകളിലോട്ടു കയറിയാൽ പിന്നെ
ഉണങ്ങിച്ചുക്കിയ  മുൾക്കാടുകൾ ആണത്രേ. അവസാനത്തെ പച്ചപ്പിനോട് യാത്ര പറഞ്ഞു കൊണ്ട് മുകളിലോട്ടു കയറി തുടങ്ങി. ഓരോ ചുവടും പതറാതെ ഓരോരുത്തരും മലയെ അള്ളിപിടിച്ചു കയറി തുടങ്ങി.

 പ്രകൃതിയുടെ പരീക്ഷണം എന്ന പോലെ, മുകളിലോട്ടു കയറുന്തോറും കുത്തനയുള്ള ചെരിവുകളായി, അതിനു പുറമേ തല്ലേന്നു മഴ പെയ്തത് കാരണം മിനുസമുള്ള പാറ തെന്നിതുടങ്ങുകയും ചെയ്തു. ഓരോ ചുവടു വെക്കുന്തോറും, കാലുകൾ പതറി തുടങ്ങി, വിരലുകൾ വേദനയിൽ അലറി, പരവേശവും ക്ഷീണവും  സട കുടഞ്ഞെണീറ്റു. പക്ഷേ ഒരു പ്രാവശ്യം മടങ്ങിപ്പോയത് കാരണം ഞാൻ വിട്ടു കൊടുക്കാൻ തയാറായില്ല. പതിയെ പതിയെ മുന്നോട്ട് നീങ്ങി. 

ഒരു പക്ഷെ ഈ ഉയരത്തിൽ നിന്നുള്ള കാഴ്ച്ചയായിരിക്കും എന്നെ മുന്നോട്ടു കയറാൻ പ്രചോദിപ്പിച്ചത്. അക്രാവതി നദിയും ചുറ്റുപാടുമുള്ള കുന്നുകളും ഒരു ചിത്രകാരന്റെ തൂലിക കൊണ്ട് കോറിയ പോലെ, അലസമായി പടർന്നു കിടക്കുന്നു. വെള്ളി കരയുള്ള പച്ചപ്പട്ടുത്ത പ്രകൃതിയെ കണ്ണാൻ ഞാൻ ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടേ ഇരുന്നു.  

ഒരു മണിക്കൂർ കൊണ്ട് ഏകദേശം ഒരു കിലോമീറ്റർ മുകളിലോട്ടു നടന്നു നീങ്ങിക്കാണും. പിന്നീടുള്ള നടപ്പ് എളുപ്പമായിരുന്നു. ചുടുകട്ട കൊണ്ട് പാകിയ പാതയുലൂടെ വീണ്ടും ഒരു ഇരുപതു മിനിറ്റ് നടന്നു. കള്ളിച്ചെടികളും, മുൾക്കാടുകളും കണ്ടു തുടങ്ങി. പാറയിൽ ഉണ്ടായ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നു, അതിൽ പായലിന് പകരം ഒരു തരം കുറ്റിച്ചെടിയാണ് ഇടം പിടിച്ചിരിക്കുന്നത്. കുളത്തിനെ കല്യാണി എന്നാണ് കന്നഡയിൽ വിശേഷിപ്പിക്കുന്നത് എന്ന് യോഗേഷയിൽ നിന്നറിഞ്ഞു. 


അങ്ങനെ കുറച്ചു കല്യണികളെ കടന്നുകൊണ്ട് പതുക്കെ മലയുടെ മൂർദ്ധാവിലേക്ക് ഞങ്ങൾ എത്താറായി. ഏത് യാത്രയുടെയും ലക്ഷ്യസ്ഥലം എത്തുന്നതിനു തൊട്ടു മുൻപുള്ള ഘട്ടം ലേശം ദുർഖടം പിടിച്ചവയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. 

കുറ്റിക്കാടുകൾ പിന്നീട് പാറമടകൾക്ക് വഴിമാറിക്കൊടുത്തു. കൂറ്റൻ പാറകളുടെ വിടവുകളിലൂടെ ഞങ്ങൾ നൂണ്ടിറങ്ങി. വല്ലാത്ത തണുപ്പും, ഈർപ്പവും, അജ്ഞാതതയും ആണവിടെ. എന്തായാലും  ഹൈദർ അലി  തടവറയാക്കാൻ കണ്ടു പിടിച്ചതു ഗംഭീര സ്ഥലം തന്നെ! മുകളിലേക്ക് എത്തിപ്പെട്ടാൽ, പിന്നെ രക്ഷപ്പെടാൻ മുൻ ജന്മത്തിൽ പുണ്യം ചെയ്തവനു പോലും സാധിക്കില്ല! അവസാനത്തെ 100m ഇടുങ്ങിയ, അപകടം പിടിച്ച, പാറക്കെട്ടുകൾ ആയിരുന്നു. ഞങ്ങൾ വരിവരിയായി നീങ്ങി. മുന്നിലുള്ള ആൾ ചവിട്ടേണ്ട പാറകളെ പുറകിലുള്ള വ്യക്തിക്ക് പറഞ്ഞു കൊടുത്ത് 
കൊണ്ട് കയറി. 


കണ്ണുകൾക്ക്‌ കുളിർമയുള്ള ദൃശ്യമാണ് എല്ലാവരെയും വരവേറ്റത്. ഇളം നീലാകാശത്തിന്റെ പിന്നണിയിൽ, പട്ടു മേഘത്തിന്റെ ഇടയിലൂടെ താഴെ ഒരു സ്വർഗ്ഗം കാണാം. എന്നും പൊടിയും പുകയും മലിനീകരണവും എന്ന് പരാതിപ്പെടുന്ന നമ്മൾ ലേശം ഉയരത്തിൽ നിൽക്കുമ്പോൾ കാണുന്നത് ഒരു ദിവ്യ ലോകം തന്നെയാണ്.
ദൈനന്തിക ജീവിത ബഹളങ്ങളിൽ നിന്ന് വല്ലപ്പോഴും ഇങ്ങനെ ഒന്ന് മാറി നിന്ന് ചുറ്റുപാട്  വീക്ഷിച്ചാൽ മറന്നു കിടക്കുന്ന ഒരുപാട് സ്വർഗ്ഗങ്ങളെ വീണ്ടെടുക്കാൻ സാധിക്കും. ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെ മുഖത്ത് ആഹ്ലാദകരമായ ഒരു നിർവൃതിയാണ് നിറഞ്ഞു നിന്ന്.


ഒരു മണിക്കൂർ അങ്ങനെ അവിടെ ചെലവഴിച്ച്, ചക്രവാളത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന, പാറക്കെട്ടിന്റെ അധിപനായ നന്ദിയുടെ പ്രതിമയെ ഒന്ന് വണങ്ങി ഞങ്ങൾ താഴോട്ടുള്ള യാത്ര തുടങ്ങി. അഅതേ പാറമടകളെയും, കുറ്റിക്കാടുകളെയും, കുത്തനെയുള്ള ചെരുവുകളും മറികടന്നു ഞങ്ങൾ സുരക്ഷിതമായി താഴെയെത്തി. ഇളനീർ മട മടാന്നു ഇറക്കി, യോഗേഷ യോട് നന്ദി പറഞ്ഞും അവിടെ നിന്ന് തിരിച്ചു. 

വണ്ടി നീങ്ങി തുടങ്ങി, ഞാൻ ആ നിഗുഡത നിറഞ്ഞ മലയെ നെടുവീർപ്പോടെ കണ്മറയും വരെ നോക്കിയിരുന്നു. ഒന്ന് കാറ്റടിച്ചപ്പഴേക്കും തളർന്ന ക്ഷീണിച്ച ഞാൻ ഉറങ്ങിപ്പോയി. സ്വപ്നത്തിൽ വീണ്ടും ആ പാറമടയിൽ എത്തി. പടച്ചട്ട അണിഞ്ഞ ഭടന്മാരും, അവശരായ തടവുകാരും, ആ ഈർപ്പമുള്ള പാറക്കെട്ടുകളിൽ ഒഴുകിവന്ന തണുത്ത കാറ്റിൽ തുറങ്കിലടക്കപ്പെട്ടവരുടെ ഒരു നിശബ്ദ തേങ്ങൽ എന്നെ തേടിയെത്തി. ഞെട്ടി എണീറ്റ എന്റെ മുഖത്തേക്ക് കാറ്റ് അപ്പോഴും അടിക്കുന്നുണ്ടായിരുന്നു..Wednesday, 28 August 2013

രമോഹള്ളിയിലെ മുത്തശ്ശി മരം

പ്രഭാതം...തണുപ്പ് മേലാകെ അരിച്ചുകയറുന്നുണ്ട് . മണി ഏഴ് കഴിഞ്ഞെങ്കിലും തെല്ലും  വെയിൽ വന്നിട്ടില്ല. കാർമേഘം കമ്പിളി പോലെ ആകാശത്ത് നിവർത്തിയിട്ടിട്ടുണ്ട്. സൂര്യൻ ഇന്നും അവധിയെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. മറ്റൊരു യാത്ര ...ഇത്തവണ ഒരു മുത്തശ്ശി  ആൽമരം  ആണു ആദ്യ ലക്ഷ്യം. 
ബംഗ്ലൂരിൽ കാലവർഷം തുടങ്ങിയാൽ പിന്നെ ഇങ്ങനെ ആണ്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ സൂര്യൻ ചിരിച്ച് കാണിക്കുന്നത് ഒഴിച്ചാൽ എന്നും മൂടികെട്ടിയ തണുത്ത പ്രഭാതങ്ങളാണിവിടെ. ദിനം തോറും ആഞ്ഞടിക്കുന്ന കാറ്റിൽ ഒരു തുള്ളി പെയ്യാതെ നിറകുടം പോലെ 
നിൽക്കുന്ന മാനം കണ്ടാൽ നമ്മുടെ ഉള്ളിലും വരും ഒരു വെമ്പൽ. പിന്നെ വൈകുന്നേരമായാൽ, ഒരു പൊട്ടിക്കരച്ചിലാണ്  നഗരത്തെ തണുപ്പിൽ പൊതിഞ്ഞു കൊണ്ട്, വിങ്ങിപൊട്ടിയ ആ  ആകാശം ഇടിഞ്ഞു പൊളിഞ്ഞ് താഴോട്ടെത്തും.

ബാംഗ്ലൂരിൽ നിന്ന് മുപ്പത്തിയെട്ടു കിലോമീറ്റർക്കകലെ രാമോഹള്ളിയെന്ന ഒരു  കൊച്ച് ഗ്രാമത്തിൽ നാന്നൂറ് കൊല്ലം പഴക്കമുള്ള ഒരു കൂറ്റൻ ആൽമരമുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കം മാത്രമല്ല, ഈ മുതുമുത്തശ്ശി മരം മൂന്നു ഏക്കർ വിസ്തീർണത്തിൽ പടർന്നു പന്തലിച്ച് അങ്ങിനെ   കിടക്കുകയാണ്. 'ദൊഡാ ആലാദ മര' എന്നാണ് കന്നടയിൽ വിശേഷിപ്പിക്കുന്നത് ദൊഡാ എന്നാൽ വലിയ എന്നും ആലദ മാര എന്നാൽ ആൽമരം എന്നുമാണ്. പൊതുവെ  ആൽമരത്തിന്റെ രണ്ടു വിഭാഗങ്ങളാണ് ഇന്ത്യയിൽ കണ്ടു വരാറുള്ളത്. ബന്യൻ എന്നും പീപ്പൽ എന്നും ഇംഗ്ലീഷ് അവയെ  വിശേഷിപ്പിക്കുന്നു. പീപ്പൽ മരം ആണ് നമ്മുടെ ബോദ്ധി വൃക്ഷം. സാധാരണ അമ്പലങ്ങളുടെ മുന്നിൽ കാണാറുള്ള ആൽമരം. ഇതിനു വായു വേരുകൾ  ഉണ്ടാവറില്ല. എന്നാൽ ബന്യൻ അഥവാ വട വൃക്ഷം എന്നതിന് ശിഖരങ്ങളിൽ നിന്ന് വേരുകൾ പൊട്ടി , അവ താഴോട്ടെത്തി പുതിയ ചെറു മരങ്ങളാവാറാണ് പതിവ്. ആൽമരങ്ങൾക്ക്  നമ്മുടെ പുരാണങ്ങളിലും വേദങ്ങളിലും ശ്രേഷ്ഠമായ ഒരു സ്ഥാനമുണ്ട്. ത്രിമൂർത്തികളുടെ സംഗമമാണ് ആൽമരം എന്നാണ് വിശ്വാസം. വേരുകൾ ഭ്രാഹ്മാവും, വൽക്കലം വിഷ്ണുവും, ശിഖരങ്ങൾ ശിവനുമാണത്രെ.

ഒൻപത് മണിയോടെ ഞങ്ങൾ രാമോഹള്ളിയിൽ എത്തി. ദൂരെ നിന്ന് കാണുമ്പോൾ കുറെ വൃക്ഷങ്ങൾ പരന്നു കിടക്കുന്ന ഒരു ചെറു കാടയിട്ടാണ് തോന്നിയത്. കാറിൽ നിന്ന് ഇറങ്ങിയ എന്നെ ആദ്യം വരവേറ്റത് ഒരു വാനരപ്പടയാണ്. ചാടിയും, ചൊറിഞ്ഞും, മറിഞ്ഞും അവർ മനുഷ്യർക്ക്‌ മുന്നേ ഇവിടെ കുടിയേറിപ്പാർത്തിരിക്കുന്നു. ആൽമരത്തിനു ചുറ്റും വേലികെട്ടി തിരിച്ചിട്ടുണ്ട്, നടക്കാൻ കൽ പടവുകളും, ഇരിക്കാൻ കൽതട്ടുകളും ഉണ്ട്. അമ്പലം ഇല്ലാത്ത എന്ത് ആൽമരം അല്ലേ ? ഇവിടെയും ഉണ്ട്  ഒരു ചെറിയ ക്ഷേത്രം. വേരുകളുടെ നടുവിൽ , പന്തലിച്ചു കിടക്കുന്ന ശിഖരങ്ങളുടെ ഇടയിൽ ഒരു ശിവ ക്ഷേത്രം.

നാന്നൂറ് കൊല്ലം ജീവനോടെ നിലനില്ക്കുന്ന ഈ വൃക്ഷം ഒരു അത്ഭുതം തന്നെ. കുറച്ചു കാലം മുൻപേ ഇതിന്റെ തായ്തടി കാലപ്പഴക്കം മൂലം ജീർണിച്ച്‌ പോയി, അത് കാരണം ഒറ്റ മരമാണെന്നു നമ്മൾ മറന്നു പോകും. അകത്തോട്ടു ചെല്ലുംതോറും അഞ്ജാതമായ  ഒരു വികാരമാണ് മനസ്സിൽ. പെട്ടന്ന് വല്ലാത്ത തണുപ്പും.മുമ്പെങ്ങും തോന്നാത്ത  ഒരു പരിഭ്രമം എനിക്ക് തോന്നി. കൊട്ടിയടച്ച ഹൃദയ കവാടത്തിലേക്ക് ശക്തമായ ഒരല വീശിയടിക്കുന്നത് പോലെ. പിന്നെ പതിയെ  പേമാരി പെയ്തൊഴിഞ്ഞ ശാന്തത. പിണഞ്ഞു കിടക്കുന്ന ഒരായിരം വേരുകളുടെ ഇടയിലൂടെ ഞാൻ വിസ്മയത്തോടെ നടന്നു. കൈവെള്ളയിൽ കൊള്ളുന്ന ഒരു ചെറിയ വിത്തിൽ നിന്നല്ലേ ഈ ഭീമാകാരമായ വൃക്ഷം ഉണ്ടായത്! സൃഷ്ട്ടിയുടെ മായാജാലം !

ഒരു കൽതിണ്ണയിൽ മാനം നോക്കി ഞാൻ മലർന്ന് കിടന്നു. കാറ്റിൽ ആടുന്ന ആൽമരത്തിന്റെ ഇലകളും, പിന്നിലുള്ള ആകാശവും ചേർന്ന് നിരന്തരം മാറി മറയുന്ന ഒരു ചിത്രം വരച്ചു കൊണ്ടേയിരുന്നു.  ഒന്ന് ചെവിയോർത്താൽ, ഇലകളുടെ മർമരത്തിനിടയിൽ, വേരുകൾ മന്ത്രിക്കുന്ന പതിറ്റാണ്ടുകളുടെ രഹസ്യങ്ങൾ കേൾക്കാം. എങ്ങോട്ടും തിരക്കിട്ട് പോകാൻ ഇല്ലാതെ, യാതൊരു സമ്മർദ്ദവും കൂടാതെ, തികച്ചും സ്വതന്ത്രമായി വേരുകളിടെ ഇടയിലൂടെ, കാറ്റിന്റെ താളത്തിൽ നൃത്തം വെക്കുന്ന അപ്പുപ്പൻ താടിയോട് എനിക്ക് അസൂയ തോന്നി. 

ആൽമരത്തോട്‌ യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്നിറങ്ങി . കാലത്തിന്റെ ചൂത് പലകയിൽ അവശേഷിക്കുന്ന കരു പോലെ , ആരോടും പരാതി പറയാനില്ലാതെ ഇന്നും ജീവിക്കുന്ന ആ മുത്തശ്ശി മരം എന്നോട്  ചോദിച്ചു നീർകുമിളയോളം ആയുസ്സുള്ള മനുഷ്യനു  മലയോളമെന്തിനുദുഃഖം ? 

പിന്നീട് മചെൻബലേ ഡാമിലേക്കാണ് പോയത്. അക്രാവതി നദിയുടെ കുറുകെയാണ് മചെൻബലേ ഡാം കെട്ടിയിരിക്കുന്നത്. ഊട് വഴികളുടെ ഇടയിലൂടെ കാർ കുതിച്ചു പാഞ്ഞു ഒരു പുൽമേടയിൽ വന്നു നിന്നു. നാഗരിതയുടെ വ്രണപ്പാടുകൾ തീരെ ഇല്ലാത്ത  നൈസർഗിക ഭംഗി. കാറിൽ നിന്ന് ഇറങ്ങിയ ഞാൻ നിശബ്ദതയോട് പൊരുത്തപ്പെടാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. നമ്മുടെ ദൈനന്തിന  ജീവിതം ശബ്ദത്തിന്റെ ഒരു കലവറയാണ്. രാവിലെ കേൾക്കുന്ന അലാറം മുതൽ, മെസ്സേജുകളുടെയും ഫോണ്‍ കാളുകളുടെയും മണിനാദങ്ങൾ, ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ ഉയർത്തുന്ന സ്വരങ്ങൾ, ടി.വി യിൽ നിന്നും, റേഡിയോയിൽ നിന്നും വരുന്ന പാട്ടുകളും, സംഭാഷണങ്ങളും, അങ്ങനെ ശബ്ദങ്ങളുടെ തീരാ ഘോഷയാത്രയാണ്  ഓരോ ദിവസവും . അതിൽ നിന്ന് വേർതിരിഞ്ഞു നിശബ്ദതയുടെ കാന്ത വലയത്തിലേക്ക് ഞാൻ പതിയെ ആകർഷിക്കപ്പെട്ടു. ചുറ്റുമുള്ള മൂകതെയെക്കളും മനസ്സിലെ മൗനമാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. 

മൂടിയ കെട്ടിയ ആകാശവും പിന്നിലുള്ള കുന്നിൻ ചെരുവുകളും,അലസമായി വീണുകിടക്കുന്ന കൂറ്റൻ ഉരുളൻ പാറകളും, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന അക്രാവതിയുമെല്ലാം ഒരു അതീവ സുന്ദരദൃശ്യം തന്നെയാണ് കണ്ണുകൾക്ക് നല്കിയത്. അനന്തമായ അവിടെത്തന്നെ നമ്മെ പിടിച്ചു നിർത്താൻ കെൽപ്പുള്ള വശ്യ സൗന്ദര്യം. കാണാൻ അതീവ സുന്ദരിയാണ്‌ ഈ ഡാമെങ്കിലും, കൊടിയ അപകടങ്ങളാണ് വെള്ളത്തിൽ ഇറങ്ങിയ പലരെയും കാത്തിരുന്നത്. ചതുപ്പ് നിലത്തിൽ പുതഞ്ഞും, നീർചുഴിയിൽ പെട്ടും  നാന്നൂറോളം പേർ ഈ ഡാമിൽ മുങ്ങി മരിച്ചിട്ടുണ്ടത്രേ. പെട്ടന്ന് ആഞ്ഞടിച്ച ആ തണുത്ത കാറ്റ് മരണത്തിന്റെ അഗ്രദൂതനാണെന്ന് തോന്നി. ഏകദേശം പതിനൊന്നരയായപ്പോൾ  മയക്കത്തിൽ നിന്ന് പതുക്കെ ആ പ്രദേശം എഴുന്നേറ്റു തുടങ്ങി, സൂര്യൻ പുറത്തിറങ്ങി, കാറ്റിന്റെ തണുപ്പും ശക്തിയും കുറഞ്ഞു, വേറെയും  വാഹനങ്ങൾ വന്നു തുടങ്ങി. ഞങ്ങൾക്ക് മടങ്ങാൻ  സമയമായി, ശബ്ദങ്ങളുടെ കൂത്താട്ടതിലെക്ക്, ജീവിതത്തിന്റെ തിരക്കുകളിലേക്ക്.

ഉച്ച കഴിഞ്ഞ് ശിവഗംഗ കീഴടക്കാനാണ്‌ ഞങ്ങൾ ഇറങ്ങിയത്. ദക്ഷിണേന്ത്യയിലെ കാശി എന്നാണ് ശിവഗംഗ അറിയപ്പെടുന്നത്. മലനിരകൾക്ക് ശിവ ലിംഗത്തിന്റെ ആകൃതി ആയതിനാലും , പാറകെട്ടുകളിൽ ഉറവ ഉള്ളതിനാലുമാണ് ഈ പേര് ലഭിച്ചത്. അമ്പലങ്ങളുടെയും പുണ്യ സ്ഥലങ്ങളുടെയും കേദാരമാണ് ശിവഗംഗ. അവയിൽ പ്രധാനം പാടലഗംഗ, ഒളകലു തീർത്ഥ, ഗവിഗംഗധേശ്വര എന്നിവയാണ്. നാലോ അഞ്ചോ കിലോ മീറ്റർ കുത്തനെയുള്ള മല നിരകൾ ചവിട്ടി കയറി വേണം ഈ അമ്പലങ്ങളിൽ എത്താൻ. 

രണ്ടും കൽപ്പിച്ച് ഞങ്ങൾ കയറാൻ തീരുമാനിച്ചു. പാദ രക്ഷകൾ പുറത്തു നിക്ഷേപിച്ച്  ഞങ്ങൾ  ഗോപുര വാതിലിലൂടെ അകത്തോട്ടു നീങ്ങി. തീർത്ഥാടകാരുടെ കൈയ്യിൽ നിന്ന് എന്തും തട്ടിപറിക്കാൻ തയാറായി  വാനരപ്പട അണിനിരന്നു നില്ക്കുന്നുണ്ടായിരുന്നു. ഓരോ കൂട്ടത്തിലും പത്തും പതിനഞ്ചും കുരങ്ങന്മാരുണ്ടാകും. കയ്യിൽ പ്ലാസ്റ്റിക്‌ കൂടു കണ്ടാൽ പിന്നെ പറയണ്ട, നോക്കി നിൽക്കെ വളരെ സാമർത്ഥ്യത്തോടെ തട്ടിപറിച്ചെടുക്കും. ചില മിടുക്കന്മാർ സാരി തുമ്പിൽ പിടിച്ചു ഇളിച്ചു കാട്ടും. ആദ്യത്തെ പത്ത് മിനിറ്റ് കുരങ്ങന്മാരിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു ഞങ്ങൾ. മുകളിലോട്ടു കയറുന്തോറും പടികൾ കുറഞ്ഞു കാട്ടു പാത പോലെയാകും. അര കിലോമീറ്റർ കൂടുമ്പോൾ വെള്ളവും പലഹാരങ്ങളും കിട്ടുന്ന മാടകടകൾ  കാണാം. ഏറ്റവും മുകളിൽ  വരെ കയറില്ല എന്ന് ആദ്യമേ തീരുമാനിച്ചയിരുന്നു. ഓളകലു തീർത്ഥയായിരുന്നു ലക്ഷ്യം. 

ഒരു മണിക്കൂർ നടന്നു വലഞ്ഞു അവശരായി അവസാനം ഓളകലു തീർത്ഥയുടെ മുന്നിലെത്തി. ഒരു ഭീമാകാരമായ പാറ തുരന്ന ഗുഹയിലായിരുന്നു അമ്പലം. മുട്ട് വരെ വളഞ്ഞു വേണം അകത്തു കയറാൻ. കയറി കഴിഞ്ഞാൽ ഒരാൾക്ക് കഷ്ട്ടി നിൽക്കാനുള്ള ഉയരമേ കാണു. ഒന്നോ രണ്ടോ ട്യൂബ് ലൈറ്റുകൾ ഖടിപ്പിച്ചിട്ടുണ്ടെങ്കിലും അരണ്ട വെളിച്ചമായിരുന്നു അകത്ത്. ചുവരുകൾക്കും, നിലത്തിനും വല്ലാത്ത ഈർപ്പവും, വഴുക്കലും ആയിരുന്നു. ഈ ചെറിയ ക്ഷേത്രം പേരുകേട്ടത്‌ ഇതിനുള്ളിലെ ആഴമുള്ള ഒരു പൊത്ത് കാരണമാണ്. ഉറവയിൽ നിന്നാണ് ഇതിൽ വെള്ളം നിറയുന്നത് . ഒരു കൈ കടത്താവുന്ന വീതിയുള്ള ഒരു അനന്തമായ ഗർത്തം. അതിനുള്ളിൽ വെള്ളമുണ്ടെന്നു പ്രതിഫലിച്ചു കാണാം. ദൈവഭക്തിയുള്ളവനും സൽകർമ്മങ്ങൾ  ചെയ്തവനും കൈയ്യിട്ടാൽ വെള്ളത്തിൽ തൊടാൻ സാധിക്കുമത്രേ ! വെള്ളത്തിൽ തൊടാൻ ചില വിരുതന്മാർ കമഴ്ന്നും , മലന്നും, തോള് വരെ അകത്തോട്ടിട്ടും  പരിശ്രമിക്കാറുണ്ട്. ഞാൻ ഒരു കൈ നോക്കി. വളരെ പരിശ്രമിച്ച് വിരലുകൾ ഒന്ന് നനച്ചു. ഒരെള്ളോളം നന്മ എനിക്കും ഉണ്ടെന്ന തോന്നൽ  എന്നെ സന്തുഷ്ട്ടയാക്കി. 

സൂര്യൻ ചക്രവാളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കിന്നു. ഇരുട്ട് പടരുന്നതിന് മുൻപ് താഴെ എത്തണം. മലമുകളിൽ നിന്ന് താഴോട്ടുള്ള യാത്ര, കൊതുക് കടിയൊഴിച്ചാൽ,  എളുപ്പമായിരുന്നു. കാളകൾക്കും, കുരങ്ങന്മാർക്കും, പട്ടികൾക്കും വഴി ഒഴിഞ്ഞു കൊടുത്ത്,  തീർത്ഥാടകരോടോപ്പം ഞങ്ങളും നീങ്ങി...

പരാതികളെല്ലാം മുത്തശ്ശി മരത്തിന്റെ കാൽ ചുവടിൽ  വെച്ച്, ഒരു പിടി നന്മ കൈവെള്ളയിൽ മുറുകെ പിടിച്ച് ഞാൻ മടക്കയാത്രക്കൊരുങ്ങി..

Tuesday, 26 March 2013

ബേലൂരിലേക്ക് ഒരു തീർത്ഥാടനം

ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോർത്തു കിടക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങൾ. കേരളം തൊട്ട് അങ്ങ് ഹിമാലയം വരെ അവ കാണാമെങ്കിലും, ഓരോ അമ്പലവും അദ്വിതീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പല കാലഘട്ടത്തിൽ നിർമിക്കപ്പെടുന്നതിനാൽ അവ പല ശൈലികളിലാണ്‌ രൂപകൽപന   ചെയ്തിരിക്കുന്നത്. ഓരോ അമ്പലത്തിനും അതിന്റെതായ ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും ഉണ്ട്. 

തെന്നിന്ത്യയിലെ വിഖ്യാതമായ അനവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് കർണടകയിലാണ്. 
ഇവ സംസ്ഥാനത്തൊട്ടാകെ ചിന്നിച്ചിതറി കിടപ്പുണ്ടെങ്കിലും ബംഗലൂരു നഗരത്തിൽ വസിക്കുന്ന എനിക്ക് നാളിതുവരെ ഒന്ന് പോലും സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെ കർണാടക ടുറിസം ഒരുക്കുന്ന ബേലൂർ - ഹലെബീദു പര്യടന പരുപാടിയെ പറ്റി കേൾക്കാൻ ഇടയായി. അധികം ആലോചിച്ചില്ല, പിറ്റേ ദിവസം ആറരയോടെ KSTDC ആപ്പീസിനു മുന്നിൽ ഞങ്ങൾ എത്തി. ക്ഷേത്രങ്ങൾ ആയതു കൊണ്ടും, വേനൽ സമയമായതു കൊണ്ടും അധികം വിനോദസഞ്ചാരികളെ  പ്രതീക്ഷിച്ചില്ല,  എന്നാൽ നേരെ മറിച്ച് ഒരു ചൈനക്കാരനും , പ്രായം ചെന്നവരും, ഇണക്കുരുവികളും ചെറുപ്പക്കാരും അടങ്ങിയ ഇരുപതംഗ സംഘം ഞങ്ങൾക്ക് മുന്നേ വണ്ടിയിൽ സ്ഥലം പിടിച്ചിരുന്നു. ശ്രാവണബെലഗൊളയിലെ ഗോമതെശ്വരെന്റെ ഏകശിലാസ്തംഭം ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ ആണിത്. 

പുരാതന കർണാടകത്തിലെ പ്രധാന രാജവംശമായിരുന്നു പടിഞ്ഞാറൻ ഗംഗാ രാജവംശം. ഉപസംസ്ഥാനപരമായി ചെറിയ സാമ്രാജ്യമായിരുന്നെങ്കിലും കർണാടകയുടെ രാജ്യഘടനക്കും  സംസ്കാരത്തിനും, സാഹിത്യത്തിനും നിരവധി  സംഭാവനകൾ ഇവർ നല്കിയിട്ടുണ്ട്. കന്നഡ ഭാഷയെയും ലളിത കലകളെയും പരിപോഷിപ്പിച്ചു വന്നവരായിരുന്നു ഇവിടുത്തെ ചക്രവർത്തിമാർ. ജെയ്ന മതമാണ്‌ ഇവരിൽ പലരും ആദ്യകാലത്ത് പിൻതുടർന്ന് വന്നിരുന്നത്. അതിനാൽ ഇവരുടെ മേൽനോട്ടത്തിൽ ധാരാളം ജെയ്ന ക്ഷേത്രങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. 

ജെയ്ന മതത്തിന്റെ  രണ്ടു വിഭാഗങ്ങളാണ്  ദിഗംബരന്മാരും ശ്വേതംബരന്മാരും. ഐതിഹ്യം പറയുന്നത് പണ്ട് ഉത്തരേന്ത്യയിൽ ഒരു ക്ഷാമം വ്യാപിച്ചപ്പോൾ ഒരു കൂട്ടം ജെയ്ന വിശ്വാസികൾ ദക്ഷിണേന്ത്യയിലേക്ക്  അഭയം പ്രാപിച്ചു. ക്ഷാമം മാറി അവർ തിരിച്ചെത്തിയപ്പോൾ  കണ്ടത്, അവിടെ തങ്ങിയവരുടെ വിശ്വാസപ്രമാണങ്ങൾക്ക് അയവു സംഭവിക്കുകയും, മത വിശ്വാസത്തിനു  വിപരീതമായി, വസ്‌ത്രങ്ങൾ(വെള്ള ) ധരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. അങ്ങനെ ആശയത്തിലും വിശ്വാസത്തിലും പിളർപ്പ്‌ സംഭവിച്ച അവർ രണ്ടു കൂട്ടരായി തിരിഞ്ഞു. ദിഗംബരന്മാർ ഇന്നും പൂർണ്ണ  നഗ്ന സന്യാസികളായി  തുടർന്നു പോരുന്നു. 

ഏകദേശം പത്തരയോടെ ഞങ്ങൾ ശ്രാവണബെലഗോല എന്ന പട്ടണത്തിൽ എത്തി. ശ്രാവണ എന്നത് സംസ്കൃത പദമായ ശരമന അഥവാ സന്യാസി എന്നതിൽ നിന്നും ബെലഗോല എന്നത് തനി മലയാളത്തിൽ പറഞ്ഞാൽ ബെല്ല കുള അല്ലെങ്കിൽ വെള്ള കുളം എന്നതിൽ നിന്നും വന്നതാണ്. പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി പച്ച പരവതാനി വിരിച്ചത് പോലെ ഒരു കുളം കാണാം. ഇതിനെയാണോ വെള്ള നിറത്തിലെ കുളം എന്നിവർ വിളിക്കുന്നത്‌ എന്നോർത്ത് ഞാൻ ഒന്ന് ഊറിച്ചിരിച്ചു.  നാഗരിഗത്വത്തിന്റെ കരങ്ങൾ അവിടവിടെ സ്പർഷിച്ചിട്ടുണ്ടെങ്കിലും, മണ്‍ചുവരുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന ഊഷ്മള കാറ്റിൽ പ്രാചീനത്വത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു. 

കുളം കടന്നു നടന്നെത്തിയ ഞങ്ങളെ വരവേറ്റത് അറുന്നൂറ്റി നാല്പത് പടികളാണ്. ഒരു കൂറ്റൻ പാറയിൽ കൊത്തിയെടുത്ത ഈ പടികൾ ചവിട്ടി കയറി വേണം ഗോമാതെശ്വരനെ കാണാൻ, അതും ചെരുപ്പുകൾ ഇല്ലതെ. അങ്ങനെ പാദരക്ഷകൾ ഊരിവെച്ച് ചവിട്ടി കയറി തുടങ്ങിയപ്പോൾ, ഒരു തിക്കും തിരക്കും അങ്ങ് ദൂരെ കാണാൻ ഇടയായി. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് കണ്ടത്, ഭക്തജനങ്ങൾ ഒരു സന്യാസിയുടെ പാദങ്ങളിൽ വീണ് അനുഗ്രഹം വാങ്ങിക്കുകയാണ്, ഒരു ദിഗംബരൻ സന്യാസി !!. നവീകരണത്തിന്റെ മൂർധന്യത്തിൽ നില്ക്കുന്ന നമ്മൾ, എല്ലാം പരിത്യജിച്ചു നിൽക്കുന്ന  ഇദ്ദേഹത്തിനെ മുന്നിൽ ഉരുകി ഇല്ലാതാകും. ഭക്തന്മാരെ അനുഗ്രഹിച്ചു നടന്നു നീങ്ങുന്ന സന്യാസിയെ കടന്നു ഞങ്ങൾ മുകളിലേക്ക് നീങ്ങി. മുകളിലേക്ക് കയറുന്തോറും പടികളുടെ  വലിപ്പം കൂടി വന്നു, പടികൾ തീരുന്നത് ഒരു കൽകവാടത്തിലാണ്. രണ്ടു മിനിറ്റ് ഞങ്ങൾ അവിടെ ഇരുന്നു. തളർന്നുറങ്ങി പോയ  മുട്ടുകളെ ഉണർത്തി ഞാൻ പിന്നെയും മുന്നോട്ടു നടന്നു. കരിങ്കല്ലിൽ വാർത്തെടുത്ത ക്ഷേത്രം ഇവിടെ തുടങ്ങുന്നു. സൂര്യന്റെ താപം വർധിച്ചുകൊണ്ടിരുന്നെങ്കിലും, ക്ഷേത്രത്തിനകത്ത് തണുപ്പ് അനുഭവപ്പെട്ടു. 

ക്ഷേത്രച്ചുവരുകളിൽ ഒരാൾ വലിപ്പത്തിൽ കൊത്തിയ ആകാര സൗഷ്ഠവമുള്ള സ്ത്രീ രൂപങ്ങളെ  കാണാം. ഇടനാഴികളിലേക്ക് ചെല്ലുംതോറും പുറത്തെ താപം തീരെ അനുഭവപ്പെട്ടില്ല 


ദൂരെ നിന്ന് തന്നെ നടുമുറ്റത്തേക്ക് ഇറങ്ങുന്ന വാതിലിലൂടെ  ഭീമാകാരമായ ബഹുബാലിയുടെ പാദങ്ങൾ കാണാം. ക്ഷേത്ര മധ്യത്ത് 56 അടി പൊക്കത്തിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന സാക്ഷാൽ ഗോമാതേശ്വരൻ. ശാന്തതയുടെ പ്രതിരൂപമാണ് ഈ പ്രതിമ. മെയ്യിൽ പടർന്നു കേറുന്ന കള്ളിചെടിയെ ഗൗനിക്കാതെ, നഗ്നനായി  പരമ ജ്ഞാനത്തിനു വേണ്ടി ധ്യാനിച്ച്  നില്ക്കുകയാണ് അദ്ദേഹം. രൂപം വാർത്തെടുത്ത ശിൽപ്പിക്കും ഉണ്ടായിരുന്നിരിക്കാം  ഈ നിർവൃതി. ക്യാമറ ലെൻസിലൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ  അദ്ദേഹത്തിന്റെ ചുണ്ടുകളിൽ നിഗൂഡമായ ഒരു ചെറു പുഞ്ചിരിയില്ലേ എന്ന് സംശയിച്ചു പോയി.   


ജെയ്ന മത വിശ്വാസമനുസരിച്ച് ഒന്നാം തീർതങ്കര വംശാവലിയിലെ രണ്ടാമനായ ബഹുബാലി തന്റെ ജ്യേഷ്‌ഠനായ ഭരതനോട് ഒരിക്കൽ പോർവിളിക്കുകയുണ്ടായി. ദൃഷ്ടി യുദ്ധം , ജല യുദ്ധം, മല്ലയുദ്ധം എന്നിയവിൽ ആര് ജയിക്കുന്നുവോ അവനാണ് രണ്ടു സാമ്രാജ്യവും എന്ന് തീരുമാനിക്കപ്പെട്ടു . യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ബഹുബാലിക്ക് ജ്ഞാനോദയം  ലഭിക്കുകയും, രാജ്യം ജ്യേഷ്ഠനു നല്കി സന്യാസത്തിനു പോകുകയും ചെയ്തു. ഇതിനെക്കാൾ എനിക്കിഷ്ട്ടപ്പെട്ടത്‌ ഇതിന്റെ ഉപകഥയാണ്. സന്യാസത്തിനു പോയ ബഹുബാലിക്ക്  കേവല ജ്ഞാനം കൈവരിക്കാൻ സാധിച്ചില്ല പോലും. തന്റെ പിതാവിന്റെ സഭയിൽ ഒരിക്കലും ബഹുബാലി ചെന്നിരുന്നില്ല, കാരണം തന്നെക്കാൾ മുൻപേ സന്യാസം സ്വീകരിച്ച തന്റെ താഴെയുള്ള തൊണ്ണൂറ്റിയെട്ടു അനുജന്മാരെ വണങ്ങേണ്ടി വരും.  ഒരിക്കൽ ബഹുബാലിയെ  സഹോദരിമാർ വന്ന്, അച്ഛന്റെ സഭയിൽ  സന്നിഹിതനാവാൻ അഭ്യർത്ഥിച്ചു, ബഹുബാലി കൂട്ടാക്കിയില്ല. ഈ വിവരം പിതാവായ ആദിനാഥൻ അറിഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു "അവനോടു ആനപ്പുറത്ത് നിന്ന് ഇറങ്ങി വരാൻ പറയു". സഹോദരിമാർ അച്ഛൻ പറഞ്ഞത് ബഹുബാലിയെ അറിയിച്ചപ്പോൾ അദേഹം സ്വയം ചോദിച്ചു "ഞാൻ ആനപ്പുറത്താണോ ഇരിക്കുന്നത്? " . ഈ ചോദ്യം ഇടിമിന്നൽ പോലെ അദേഹത്തിന്റെ ഉള്ളിൽ ആഞ്ഞടിക്കുകയും, തന്റെ പ്രൗഡിയും അഹങ്കാരവും ഇറക്കി വെച്ച് സഭയിൽ ചെല്ലുകയും, തുടർന്ന് കേവല ജ്ഞാനം കൈവരിക്കുകയും ചെയ്തു. 

മറ്റു കാഴ്ചകളിലേക്ക് ഞാൻ തിരിയുമ്പോൾ ആലോചിച്ചു, ഈ കാലഘട്ടത്തിൽ ഞാൻ എന്ന ഭാവത്തിൽ നടക്കുന്ന നാം എത്ര മൂഢന്മാർ. ഗോമതേശ്വരന്റെ കൂറ്റൻ പ്രതിമക്കു തൊട്ടു താഴെ ഒരു ചെറിയ സ്വർണ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഭക്ത ജനങ്ങൾ അതിനു മഞ്ഞളും, പാലും അഭിഷേകം ചെയ്യുന്നത് നിത്യ കാഴ്ചയാണ്. അമ്പലത്തിന്റെ  ചുവരുകളിൽ ഒരുപോലെ ഇരിക്കുന്ന ഇരുപത്തി നാല് തീര്തങ്കരന്മാരെയും കാണാം. പന്ത്രണ്ടരയോടെ ഞങ്ങൾ പൊള്ളി കിടക്കുന്ന  പടികൾ ഓടിയിറങ്ങി, ബസ്സിന്റെ അടുത്ത് എത്തി.


ഉച്ചഭക്ഷണത്തിന് ശേഷം ഹൊയ്സാല ശൈലിയിൽ നിർമിക്കപ്പെട്ട രണ്ട് അമ്പലങ്ങൾ കാണാനാണു പോയത്. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന കെങ്കേമന്മാരാണ് ഹൊയ്സാല രാജാക്കന്മാർ. കർണാടക, തമിഴ്നാട്‌, ആന്ധ്രാ, കേരളത്തിന്റെ കുറച്ചു ഭാഗം, എന്നീ സംസ്ഥാനങ്ങൾ  അന്നത്തെ ഹൊയ്സാല സാമ്രാജ്യത്തിൽ പെടും. ഇന്നത്തെ കർണാടകയുടെ രാജ്യഘടനക്കും, സംസ്കാരത്തിനും സാഹിത്യത്തിനും അനേകം സംഭാവനകൾ നല്കിയിട്ടുണ്ട് ഈ രാജപുഗവന്മാർ.  വേലപുരം( ബേലൂർ ) ആയിരുന്നു ആദ്യ തലസ്ഥാനം. പിൽകാലത്ത് ഹലെബിദുവിലേക്ക് നീക്കപെടുകയും ചെയ്തു. ബിട്ടിദേവയാണ് ഹൊയ്സാല സാമ്രാജ്യത്തിന്റെ പേരുകേട്ട ചക്രവർത്തി. ജെയ്ന മത വിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് ഹിന്ദുമതം സ്വീകരിച്ച് വിഷ്ണുവർദ്ധൻ എന്ന പേരിലറിയപ്പെട്ടുവിഷ്നുവർദ്ധന്റെ ഭരണകാലത്ത് ഒട്ടധികം ക്ഷേത്രങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. അതിൽ ഏറ്റവും വിഖ്യാതമായത് ബേലൂരിലെ ചന്നകേശവ ക്ഷേത്രമാണ്. 
നാല് മണിയോടെ ഞങ്ങൾ ക്ഷേത്ര കവാടത്തിൽ എത്തി. അത്യധികം കലാവൈദഗ്ദ്ധ്യത്തോടെ നിർമിച്ച ക്ഷേത്രമാണിത്. ഇതിന്റെ സ്ഥാപനത്തെ കുറിച് പല വാദങ്ങളുണ്ട്. വിഷ്ണുവർദ്ധൻ എന്ന പേര് സ്വീകരിച്ചതിൽ പിന്നെ നിർമിച്ചതാണ് ഇതെന്നും, അതല്ല തലക്കാടിലെ ചോള വംശത്തെ പിടിച്ചടക്കിയത് അനുസ്മരിച്ച്  ഉണ്ടാക്കിയതാണ് എന്നും പറയുന്നവരുണ്ട്.

തറയിൽ പാകിയ കരിങ്കൽ പാളികൾ പൊള്ളികിടക്കുന്നെങ്കിലും,  ആ പുരാതനവും പാവനവുമായ ക്ഷേത്ര വളപ്പിൽ, യുഗങ്ങൾ പുറകോട്ടു താണ്ടി, പൊടിപിടിച്ചു  കിടക്കുന്ന ഒരു പൈതൃകം തുടച്ചെടുക്കുന്ന കുളിരുള്ള അനുഭൂതിയാണ് എനിക്കുണ്ടായത്. 

കേറിയപാടെ സന്ദർശകരെ പിടികൂടാൻ ഒരു കൂട്ടം ഗൈഡുകൾ വന്നെത്തി. 20 രൂപക്ക് അമ്പലത്തിന്റെ ഏറ്റവും ആകർഷകവും വിട്ടുപോകാൻ പാടില്ലാത്തതുമായ പത്ത് ശിലാമൂർത്തികളെ  കാണിച്ചുതരാം എന്നവർ ഏക സ്വരത്തിൽ പറഞ്ഞു. എല്ലാ ഗൈഡുകളേയും അടക്കി പറയുകയല്ലെങ്കിലും, ഒട്ടു മിക്ക ഗൈഡുകളും തങ്ങൾ മനപ്പാടമാക്കിയ വരികളും, കുറച്ച് സ്വന്തം വരികളും  പിന്നെ കാലക്രമേണെ ഉണ്ടാവുന്ന ചരിത്ര പിശകുകളും കൂടിയ ഒരു ഗംഭീര സമാഹാരമാണ് സന്ദർശകർക്ക്‌ മുന്നിൽ നിരത്തുന്നത്. നെല്ലും പതിരും പാറ്റിയെടുക്കാം എന്ന് വിചാരിച്ച് ഞങ്ങളും ഒരു ഗൈഡിന്റെ പിന്നാലെ കൂടി

ഹൊയ്സാല ശൈലിയിലെ എല്ലാ ക്ഷേത്രങ്ങളുടെ സംവിധാനത്തിലും രേഖാരൂപത്തിലും കുറേ സമാനതകൾ കാണാം. ക്ഷേത്ര ചുവരിന് ചുറ്റും ഏറ്റവും താഴെ കൊത്തിയ ജന്തുജാലങ്ങളാണ്   അതിലൊന്ന്. ഏറ്റവും താഴെയുള്ള വരി ഗജകെസരികളും തുടർന്ന് സിംഹങ്ങളും, അതിന് മുകളിൽ കുതിരകളും ഏറ്റവും മീതെ പുഷ്പങ്ങളും കാണാം. ഇവ  സാമ്രാജ്യത്തിന്റെ ശക്തിയേയും പ്രതാപത്തെയും വേഗതയേയും സമൃദ്ധിയേയും സൂചിപ്പിക്കുന്നു  . പിന്നെ നമ്മുടെ കണ്ണ് പതിക്കുന്നത് മതിലുകളിൽ കൊത്തിയ മന്ദാകിനി എന്ന സ്ത്രീ രൂപങ്ങളെയാണ്‌. നൃത്തചുവടുകൾ വെക്കുന്നതായും, സൗന്ദര്യം സംരക്ഷിക്കുന്നതായും , തോഴിമാരും ഒത്ത് വാദ്യോപകരണങ്ങളും വായിച്ച് ഉല്ലസിക്കുന്നതായും കാണാം. തലമുടിച്ചുരുളുകളും, അവയവങ്ങളുടെ ഒതുക്കവും, വഴക്കവും, ഭാവരസഭേദവും  ആരെയും അമ്പരപ്പിക്കും.   

നേരം വൈകിക്കൊണ്ടിരിക്കുന്നു, ഞാൻ അമ്പലത്തിനകത്ത് കയറി, വാതിലുകളിലൂടെ ഒഴുകിയെത്തുന്ന  സായാന്ഹ പ്രഭ , മിനുസമുള്ള കരിങ്കൽ തൂണുകൾക്കും തറയിലെ പാളികൾക്കും ജീവനേകി. വിഷ്ണുവിന്റെ അവതാരങ്ങളും, വേറെ മൂർത്തികളും, മന്ദാകിനികളും  നിറഞ്ഞ ആ പരിപാവനമായ സ്ഥലത്തെ മനസ്സിൽ അഗാധമായി പതിപ്പിച്ച് ഞാൻ ഇറങ്ങാൻ തുടങ്ങി

അപ്പോൾ വാതിൽക്കൽ ഒരു സ്ത്രീരൂപം എന്റെ കണ്ണിൽ പെട്ടു. സങ്കടമാണോ  ശാന്തതയാണോ അവരുടെ മുഖത്ത് എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. ഏതൊരു സഞ്ചാരിയുടേയും ക്യാമറയിൽ പതിയാറുള്ള പോലെ എന്റതിലും പതിഞ്ഞു...  നിഗൂഡത നിറഞ്ഞ  ഒരു ചിത്രം. ഏകദേശം അഞ്ചരയായപ്പോൾ ഹോയ്സാലേശ്വര ക്ഷേത്രത്തിൽ എത്തി. പരിഷ്കൃത ലോകത്തിന്റെ കൽപ്പെരുമാറ്റം: ക്ഷേത്ര പരിസരത്തിനു ചന്തം വരുത്താൻ ഉണ്ടാക്കിയ പച്ചപുൽതകിടിയിലും, അവ നനക്കാൻ ഘടിപ്പിച്ച യന്ത്രങ്ങളിലും, തറയിൽ പാകിയ കോണ്‍ക്രീറ്റ് കല്ലുകളിലും കാണാം.  എന്നിരുന്നാലും കാർമേഘം മൂടിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ, അമ്പലവും,പുൽത്തകിടിയും എല്ലാം കണ്ണുകൾക്ക് ഒരു ഗംഭീര ദൃശ്യ വിരുന്നൊരുക്കി. വിഷ്ണുവർദ്ധന്റെ  ഭരണകാലത്ത്  ഉണ്ടാക്കിയ മറ്റൊരു അമ്പലമാണിത്. ചന്നകേശവ വൈഷ്ണവ ക്ഷേത്രമെങ്കിൽ ഹോയ്സലേശ്വര ശൈവ ക്ഷേത്രമാണ്. അതി മനോഹരമായി നിർമിക്കപെട്ട ഈ ക്ഷേത്രം പേരുകേട്ടത് ഇതിന്റെ പുറമെയുള്ള ചുവരിലെ കൊത്തുപണിക്കാണ്. ഇരുന്നൂറ്റി നാല്പത് നൃത്തമാടുന്ന ഗണപതികൾ ഈ ചുവരിലുണ്ടത്രെ. ക്ഷേത്രതിനടുത്തായി രണ്ടു കരിങ്കൽ മണ്ഡപങ്ങളിൽ വൈകുണ്ടത്തിന്റെ കാവൽക്കാരനായ നന്ദിയെ സ്ഥാപിച്ചിട്ടുണ്ട്.


അമ്പലത്തെ ശീഘ്രം വലം വെച്ച് കണ്ടിട്ട് , പുറകിലുള്ള ഉദ്യാനത്തിലേക്ക്  ഞങ്ങൾ നടന്നു. അപ്രതീക്ഷിതമായി അതാ അവിടെ ഉയർന്നു നിൽക്കുന്നു വീണ്ടുമൊരു ഗോമതേശ്വരൻ. സ്ഥലം ഒന്ന് സൂക്ഷിച്ചു നിരീക്ഷിച്ചപ്പോൾ ആണ് മനസ്സിലായത്. പൊട്ടിയും പൊളിഞ്ഞതുമായ  കുറെ ശില്പങ്ങൾ അവിടവിടെ കിടക്കുന്നു. പുതിതായി ആ പ്രദേശത്ത് നിന്നു കണ്ടെത്തുന്ന ശിലാപ്രതിമകളുടെ അവശിഷ്ട്ടങ്ങൾ ഇവിടെ നിക്ഷേപിക്കുന്നു. ദേവസങ്കൽപ്പങ്ങളെ ബാക്കി നിർത്തി, കല്ലില്ലും മണ്ണിലും നിന്നുണ്ടായവർ  ഇതാ ഇവിടെ തിരിച്ചു മണ്ണിലേക്ക് മടങ്ങുന്നു. 

മഴ പൊടിഞ്ഞു തുടങ്ങി. മടക്കുയാത്രക്ക് സമയമായി.  

ബസ്സിലേക്ക് നടന്നു കൊണ്ടിരിക്കെ, എന്റെ മനസിലേക്ക്  നനഞ്ഞ  മണ്ണിന്റെ ഗന്ധത്തോടൊപ്പം, ഒരു പൗരാണിക പരിമളവും പടർന്നു...

Mathrubhumi Blogs

Monday, 17 December 2012

അവിസ്മരണീയ നിമിഷം


വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍  തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ  ഇരുട്ട്  നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍ നിയന്ത്രണമില്ലാതെ ഒഴുകുന്ന ഈ ജലദേവതക്ക് സാധിച്ചേക്കും.

ശിവനസമുദ്ര വെള്ളച്ചാട്ടം കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ് നിലകൊള്ളുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് നൂറ്റിയന്പതു കിലോ മീറ്റര്‍ക്കകലെ പൊടിയും മലിനീകരണവും തൊട്ടശുദ്ധമാക്കിയിട്ടില്ലാത്ത  പ്രകൃതിരമണിനിറഞ്ഞു നില്‍ക്കുന്ന ഒരു നിര മലകള്‍. അതിനിടയിലൂടെ കുതിച്ചു വീഴുന്ന കാവേരി നദി. ലോകത്തിലെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളില്‍  ന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. കാവേരി നദി രണ്ടു കൈവഴികളായി തിരിഞ്ഞു തൊണ്ണൂറടി താഴേക്ക് വീഴുന്ന കാഴ്ച ഇന്നും എന്നില്‍ രോമാഞ്ജമുണര്‍ത്തുന്നു. ഇതില്‍ ഒന്നിനെ ഗഗന ചുക്കി എന്നും മറ്റേതിനെ ബാര ചുക്കി എന്നും വിളിക്കും. നഗരാതിര്‍ത്തി വിടുമ്പോള്‍ തന്നെ വേറൊരു ലോകത്തെത്തുന്ന പ്രതീതിയാണ്. ആളൊഴിഞ്ഞ വീഥികളിലേക്ക് ശിഖരങ്ങള്‍ താഴ്ത്തി നില്‍ക്കുന്ന മുത്തശ്ശി മരങ്ങള്‍. അവയില്‍ നിന്ന് വീഴുന്ന പൂക്കള്‍ പട്ട് പരവതാനി പോലെ നമ്മെ വരവേല്‍ക്കും. ഈ പ്രദേശത്തിന്‍റെ കാതല്‍, അതിന്‍റെ  കളങ്കം തട്ടാത്ത നാട്ടുവഴികളും അതിനോടൊട്ടിയുരുമ്മി  നില്‍ക്കുന്ന പുല്‍ത്തകിടികളുമാണ് . ഹരിത ഭംഗിക്ക് അലങ്കാരമെന്നോണം ഇടയ്ക്കിടെ സൂര്യകാന്തി  വയലുകളും കരിമ്പിന്‍ തോട്ടങ്ങളും കാണാം. ചീറിപ്പായുന്ന വാഹനങ്ങളുടെ അഭാവം കൊണ്ടാവാം, ഹൃദ്യമായ ഒരു കുളിരും ശാന്തതയും അനുഭവപ്പെടും.മൂന്നുമണിക്കൂര്‍ യാത്രക്കൊടുവില്‍ നട്ടുച്ചയ്ക്ക് ഞങ്ങള്‍ ബാര ചുക്കി വെള്ളച്ചാട്ടതിനടുത്ത് എത്തി. സൂര്യന്‍റെ താപം ഉച്ചിയില്‍ നില്‍ക്കുന്ന സമയത്തില്‍ കണ്ണുകള്‍ അറിയാണ്ട് ചിമ്മി അടഞ്ഞുപോയി . മലയുടെ കിഴുക്കാംതൂക്കില്‍ നിന്ന് കാണുന്നത് വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്. കറുത്തിരുണ്ട പടുകൂറ്റന്‍ പാറകെട്ടിനിടയിലൂടെ വളഞ്ഞു പുളഞ്ഞു നിലം പതിക്കുന്ന കാവേരി നദി. വേനല്‍ക്കാലമായതുകൊണ്ടാവാം  ദൂരെനിന്നു കാണുമ്പോള്‍ ഒഴുക്കിന് ലേശം ശക്തിക്കുറവു തോന്നുന്നുണ്ട്. കുറച്ചു മുന്നോട്ടു നടക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് നടന്നിറങ്ങാന്‍ പടികള്‍ കെട്ടിയിട്ടിട്ടുണ്ട്. ഏകദേശം ഇരുന്നൂറ് പടികള്‍.... .


അധികം ആയാസമില്ലാതെ ഞങ്ങള്‍ പടികള്‍ ഓടിയിറങ്ങി. താഴോട്ടെത്തിയപ്പോള്‍ കണ്ടത് ഒരു വലിയ ജനക്കൂട്ടം തന്നെയായിരുന്നു.  വെള്ളച്ചാട്ടത്തിനടുതെത്താന്‍ ഇനിയും കുറച്ചു ദൂരം പോകണമത്രേ. നിരപ്പല്ലാത്ത തുറസ്സായ നിലത്തിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. പോകുന്ന വഴിയെങ്ങും രസകരമായ കാഴ്ചകള്‍ കാണാം. ആരുടേയും ഉമിനീര്‍ ഗ്രന്ധികളെ ഉണര്‍ത്തുന്ന ഉപ്പും മുളകും തേച്ചു പിടിപ്പിച്ച പച്ച മാങ്ങ കഷ്ണങ്ങള്‍ നീട്ടി നില്‍ക്കുന്ന ഒരു കൂട്ടര്‍, പ്രത്യേക തരം എണ്ണയാണെന്നും അതുകൊണ്ട് തിരുമ്മല്‍ ചികിത്സ നടത്തിയാല്‍ മാറാത്ത രോഗമില്ലെന്നു വാദിക്കുന്ന വേറെ ചിലര്‍, അത് വിശ്വസിച്ച് മുന്നിലിരുന്നു കൊടുക്കുന്ന കുറച്ചു കുടവയറന്‍മാര്‍, പിന്നെ സഞ്ചാരികളുടെ കൈയില്‍ നിന്നും എന്തും തട്ടിപറിക്കുന്ന കുരങ്ങന്മാര്‍, കുട്ടിയുടുപ്പിട്ട നായ്ക്കളും അവരുടെ യജമാന്മാരും, ഇതെല്ലം കണ്ടു ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന കുറെ വിദേശികള്‍.


വിഭിന്നമായ കുറെ കാഴ്ചകള്‍ കണ്ടുകൊണ്ട്, പാറകളും ചെറിയ ആറുകളും താണ്ടി, വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കുന്ന ദിശയിലേക്ക് ഞങ്ങള്‍ നടന്നു. അടുക്കുംതോറും മുഴക്കം ഉച്ചതിലായികൊണ്ടിരുന്നു. ദൂരെനിന്നു തന്നെ വെള്ളച്ചാട്ടം കാണാവുന്നതാണ്. ഏതു കൊടുമുടിയില്‍ നിന്നാലും, എത്ര ശക്തി ആര്‍ജിച്ചാലും, താഴോട്ട് വീഴാം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് കുതിച്ചു വീഴുന്ന നദിയെ ഞാന്‍ നെടുവീര്‍പ്പോടെ നോക്കിനിന്നു. തടാകം പോലെ കെട്ടിനിന്നിരുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ ഒരു ജനപ്രവാഹം തന്നെ ഉണ്ടായിരുന്നു . തിക്കിലും തിരക്കിലും ഇടയിലൂടെ പതിയെ ആ പായല്‍ പിടിച്ച വെള്ളത്തില്‍ ഇറങ്ങി. മലിനമായ വെള്ളമായിരുന്നതിനാല്‍ തിരക്കില്ലാത്ത സ്ഥലത്തേക്ക്, കുറച്ചുകൂടി മുകളിലേക്ക് കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു.വളരെ പ്രയാസപ്പെട്ട് വഴുക്കലുള്ള പാറകെട്ടിലേക്ക് പിടിച്ചുകയറി മുകളിലേക്ക് നീങ്ങി . ചുവടൊന്നു പതറിയാല്‍ കരിങ്കല്‍കെട്ടുകളില്‍ തട്ടി ചിന്ന ഭിന്നമയിപോകും. ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും ഉയരത്തിലേക്ക് കയറാനുള്ള ആവേശത്തിലായിരുന്നു ഏവരും. മുകളിലെത്തിയപ്പോള്‍ ഒരു മൂടല്‍ അനുഭവപ്പെട്ടു, വെള്ളം ശക്തിയോടെ പാറക്കെട്ടിലേക്ക് വീണ് നീരാവിയായി പോകുന്നതായിരുന്നു അത്. കരുതലോടെ ഞങ്ങള്‍ ആ വെള്ള പ്രവാഹത്തിനു തൊട്ടു താഴെ നില്‍ക്കാന്‍ ഒരു ഉരുളന്‍ പാറയില്‍ പിടിച്ചിറങ്ങി. ആത്മാവിനെ തണുപ്പിക്കാന്‍ ശേഷിയുള്ള ആ വെള്ളത്തിന്‍റെ തിരശീലയുടെ പിന്നിലേക്ക്‌, ഒരു പാറക്കെട്ടിലെക്ക്  ഞാന്‍ ചാരിനിന്നു. ..


ഏകദേശം 50 അടിക്കുയരെ, കുതിച്ചു വീഴുന്ന വെള്ളത്തിനടിയില്‍ ഒരു അവിസ്മരണീയ നിമിഷം. ശക്തിയുള്ള കാറ്റ് മുഖത്തേക്ക് ആഞ്ഞടിക്കുമ്പോഴും, വെള്ളത്തിന്‍റെ ഊക്ക് കൂടിക്കൊണ്ടിരിക്കുമ്പോഴും ദിവ്യമായ ഒരു നിര്‍വൃതി അനുഭവപ്പെട്ടു. ഓരോ നിമിഷം പിന്നിടുമ്പോഴും  മനസ്സ് സ്വരൂപമില്ലാത്ത വെള്ളത്തെ പോലെ, തെളിച്ചമില്ലാത്ത നീരാവിയെപ്പോലെ മാറികൊണ്ടിരുന്നു. തിരക്കേറിയ ജീവിതത്തില്‍ താലോലിക്കാന്‍ മറന്നു പോയ കുറെ നിമിഷങ്ങള്‍, വ്യക്തികള്‍, ബന്ധങ്ങള്‍ മനസ്സിന്‍റെ വെള്ളിത്തിരയില്‍ നിറഞ്ഞു വന്നു. വികാരങ്ങളുടെ മുന്നില്‍ അടിയറവുവെച്ച്, എന്നെത്തന്നെ ഉള്‍കൊള്ളാന്‍ ഞാന്‍ അവയെ അനുവദിച്ചു. കലര്‍പ്പില്ലാത്ത ശുദ്ധമയി ഒഴുകുന്ന വെള്ളം മനസ്സിന്‍റെ വേവലാധികളെ തുടച്ചു നീക്കികൊണ്ടിരുന്നു. പിന്നെ പതിയെ ചിന്തകള്‍ക്ക് സ്പഷ്ട്ടതയാര്‍ജിച്ചു, തീരുമാനങ്ങള്‍ക്ക് ദൃഡതയേറി, ആശയങ്ങള്‍ക്ക് ചിറകുമുളച്ചു. വെള്ളതുള്ളികള്‍ക്കിടയിലൂടെ ഒരായിരം മഴവില്ലുകള്‍ ഞാന്‍ കണ്ടു.


വീണ്ടെടുപ്പിന്‍റെ അനുഭൂതി സമ്മാനിച്ച നദിയോട് വിടപറഞ്ഞുകൊണ്ട് ഞങ്ങള്‍ താഴോട്ടിറങ്ങി .

Mathrubhumi Blogs

Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Follow by Email

Followers

Text Widget