Friday 23 November 2012

ഒരു ഓര്‍മ്മക്കുറിപ്പ്

മഞ്ഞു മൂടിയ ഒരു പ്രഭാതത്തില്‍ അഞ്ഞൂറ് കൊല്ലങ്ങളുടെ പൈതൃകം പേറുന്ന
ഈ വലിയ നഗരത്തില്‍  ഞാന്‍ വന്നെത്തി. ഇന്ത്യയുടെ സിലികന്‍ വാലി എന്ന് ഒരിക്കല്‍ അറിയപെട്ടിരുന്ന നഗരം - ഹൈദരാബാദ്.

എല്ലാ ചരിത്രപ്രധാനമായ നഗരങ്ങളുടെ പേരിനെ ചുറ്റിപറ്റി നാടോടി കഥകളോ ഐതിഹ്യങ്ങള്ലോ ഉണ്ടാവാറുള്ളത് സര്‍വസാധാരണമാണ്. പലപ്പോഴും അവയുടെ ഉറവിടം ചക്രവര്‍ത്തികളുടെയും ദേവന്മാരുടെയും സാഹസങ്ങളൊ പിടിച്ചടക്കലുകളൊ അല്ലെങ്കില്‍ പ്രണയങ്ങളൊ ആയിരിക്കും. ഹൈദരാബാദ് എന്ന പേരിനു പിന്നിലും ഒരു പ്രണയം തന്നെ.ഹൈദരാബാദിന്‍റെ സ്ഥാപകനായ സുല്‍ത്താന്‍ മുഹമ്മദ്‌ ഖുതുബ് അദ്ദേ​ഹത്തിന്‍റെ സദസ്സിലെ നര്‍ത്തകിയുമായി പ്രണയത്തില്‍ ആയിരുന്നു. വിവാഹത്തിനു ശേഷം അവര്‍ ഹൈദര്‍ മഹല്‍ എന്ന പേര് സ്വീകരിച്ചു. അങ്ങനെ 'ഭാഗമതി' എന്ന നഗരം ഹൈദരാബാദ് എന്ന് നാമകരണപ്പെട്ടു 

ഇന്ത്യയുടെ ഐ - റ്റി തലസ്ഥാനം എന്ന് അറിയപ്പെടുന്നെങ്ങിലും , ചരിത്രം നിറഞ്ഞു നില്‍ക്കുന്ന നഗരമാണ് ഞാന്‍ കണ്ടത്. മോടിപിടിപ്പിച്ച പുതിയ കെട്ടിടങ്ങള്‍ക്കിടയിലും, ഭംഗിയാര്‍ന്ന വിശാല രാജവീധികള്‍ക്കിടയിലും, കൂട്ടം കൂടിനില്‍ക്കുന്ന യുവാക്കളുടെ ഇടയിലും മറഞ്ഞു നില്‍ക്കുന്ന പാരമ്പരൄ​-പ്പകർച്ച.

ഹൈദരാബാദ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വളരെ പ്രഖ്യാതമായ ഹൈദരാബാദി ബിരിയാണി ആണ്. എത്തിയ ആദ്യത്തെ ദിവസം തന്നെ ബിരിയാണി കഴിക്കാന്‍ ഞാന്‍ പുറപ്പെട്ടു. സാമാന്യം പുതിയ ഒരു ഹോട്ടലില്‍ കയറി ദം ബിരിയാണി കഴിച്ചു. കേട്ടറിഞ്ഞത് പോലെ അത്ര രുചികരമായി തോന്നിയില്ല. പിന്നീടാണ്‌ അറിഞ്ഞത് യഥാര്‍ത്ഥ ദം ബിരിയാണി ചാര്‍മിനാറി ന്‍റെ പരിസരത്തുള്ള കടകളില്‍ ആണു ലഭിക്കുന്നതെന്ന്.



അങ്ങനെ ചാര്‍മിനാര്‍ കാണുന്നതിനു വേണ്ടിയും ബിരിയാണി കഴിക്കുന്നതിനു വേണ്ടിയും ഹൈദരാബാദ്'ന്‍റെ ഹൃദയഭാഗത്തെക്ക്, കോട്ടി എന്ന പട്ടണത്തിലേക്ക് ഞാന്‍ പുറപ്പെട്ടു. വളരെ ഇടുങ്ങിയതും തിരക്കേറിയതുമായ വഴി ആയിരു അത്. ദൂരെ നിന്ന് തന്നെ ചാര്‍മിനാര്‍ ന്‍റെ മങ്ങിയ മിനാരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. ചാര്‍മിനാറിനും ഉണ്ട് കുറേ കഥകള്‍. അതില്‍ സുപ്രസിധം ഇതാണ്, ഒരിക്കല്‍ നഗരത്തെ പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷിക്കാന്‍ അന്നത്തെ സുല്‍ത്താന്‍ പണിയിപ്പിച്ചതാണത്രെ ഈ മസ്ജിദ്.

വഴിയരികില്‍ ചെറിയ കച്ചവടക്കാര്‍ നിരന്നു നിന്ന്‍ വളകള്‍, പവിഴമാലകള്‍, കളികോപ്പുകള്‍, സോപ്പ്, ചീപ്പ്‌, കണ്ണാടി എന്നിവയെല്ലാം വില്‍ക്കുന്നു . ഇവയെല്ലാം വിലപേശി വാങ്ങുന്ന ബുര്‍ഖ അണിഞ്ഞ സ്ത്രീകളും കുട്ടികളും, നമസ് കഴിഞ്ഞു തലയില്‍ തോപ്പിയണിഞ്ഞ പുരുഷന്മാര്‍. ശബ്ദമുണ്ടാക്കി വരുന്ന വാഹനങ്ങള്‍. തെലുഗ് ആണ് പ്രഥമ സംഭാഷണഭാഷയെങ്കിലും, മുഗള്‍ കാലഘട്ടത്തിന്‍റെ സ്വാധീനം കൊണ്ടാവാം ഉര്‍ദുവും ഹിന്ദിയും അത്യധികം ഉപഗോയത്തിലുണ്ട്. ഉര്‍ജ്ജം നിറഞ്ഞു നില്‍ക്കുന്ന ഒരു വീധി. ഹൈദരാബാദിന്‍റെ യഥാര്‍ത്ഥ സ്പന്ദനം കാത്തു സൂക്ഷിക്കുന്ന ഒരു തെരുവ്.


ആദ്യം കണ്ട ഒരു ചെറിയ ബിരിയാണി കടയില്‍ കയറി ബിരിയാണി പറഞ്ഞു. നിമിഷങ്ങള്‍ക്കകം ചൂട് പാറുന്ന ബിരിയാണി ചെറിയ ചെമ്പ് ചട്ടിയില്‍ വന്നെത്തി. നല്ല മൃദുലമായ അരിക്കൊപ്പം അധികം മസാല ചേര്‍ക്കാതെ വേവിച്ച ഇറച്ചി, സര്‍വ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്ന മണം, ഹൈദരാബാദിന്‍റെ സ്വന്തം ബിരിയാണി.




ചാര്‍മിനറിന്‍റെ സമീപത്ത്  തന്നെ നാല്  നൂറ്റാണ്ട് പഴക്കമുള്ള മെക്ക മസ്ജിദ് സ്ഥിധി ചെയ്യുന്നു. ഖുതുബ് ഷാ യുടെ കീഴില്‍ പണിതുടങ്ങിയ മെക്ക മസ്ജിദ് ഏകദേശം എഴുപത്തി ഏഴു കൊല്ലം എടുത്തു പണിതു തീര്‍ക്കാന്‍. ആഡംബരപ്രൌഢിയുളള ഗ്രനൈറ്റ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ പള്ളി. 
സന്ധ്യയ സമയത്തെ പ്രാര്‍ഥന നേരമായപ്പൊഴേക്കും സന്ദര്‍ശകര്‍ പള്ളിയില്‍ നിന്നിറങ്ങിത്തുടങ്ങി. പ്രചീനത്വം കാത്തുകൊള്ളുന്ന വിശുദ്ധമായ ആരാധനാലയത്തില്‍ നിന്ന് കേള്‍ക്കുന്ന ഈ ബാങ്ക്ന്‍റെ ശബ്ദത്തില്‍ ഏതൊരുവന്‍റെയും ഗര്‍വം അലിഞ്ഞു പോയേക്കാം.

തൊട്ടടുത്തുള്ള ഇടുങ്ങിയ തെരുവിലെക്കായി പിന്നീടുള്ള യാത്ര. ലാദ് ബസാര്‍ അഥവാ ചൂടി ബസാര്‍ എന്നറിയപ്പെടുന്ന, ഹൈദരാബാദിന്‍റെ പൊന്നോമന പുത്രി. നിറങ്ങളുടെ ഒരു മായ ലോകം തന്നെയായിരുന്നു എനിക്കുമുന്നില്‍ തുറന്നു നിന്നിരുന്നത്. വിസ്മയത്തോടെ ആ നിറക്കൂട്ടിലേക്ക് ഞാന്‍ നടന്നു നീങ്ങി. ജനത്തിരക്കിനിടയില്‍ നിര നിരയായി അടുക്കിയ ഒരായിരം ചെറിയ വളക്കടകള്‍, അവയ്ക്ക് മുന്നില്‍ പല നിറത്തിലും വലിപ്പത്തിലുo അടുക്കിയ വളകള്‍. ശരീരം മുഴുവനും ബുര്‍ഖയില്‍ മറച്ച്, ഒരു പിടി കുപ്പിവളകള്‍ കയ്യിലെടുത്തു പിടിച്ചു കൊണ്ട് ഒരു യുവതി കച്ചവടക്കാരനുമായി വിലപേശുന്നത് കണ്ടു. അതിന്‍റെ ഒടുവില്‍ വിജയശ്രീലാളിതയായി അവള്‍ തിരിഞ്ഞു എനിക്ക് നേരെ നടന്നു. അപ്പോഴാണ് അവളുടെ കണ്ണുകള്‍ എന്‍റെ ക്യാമറ ലെന്‍സില്‍ പെട്ടത്, സുറുമ എഴുതിയ, തവിട്ടുനിറമുള്ള മാന്‍പേട കണ്ണുകള്‍. നിഗൂഡമായ ആ കണ്ണുകളില്‍ ഒരുനിമിഷത്തെക്ക് നഷ്ട്ടപെട്ട ഞാന്‍ ഫോട്ടോ എടുക്കാന്‍ കൂടി മറന്നുപോയി 

ഉറക്കം കണ്ണുകളിലേക്കു ഇരച്ചു കയറിതുടങ്ങി, മനസ്സില്‍ മഞ്ഞവെളിച്ചത്തില്‍ മിന്നുന്ന ആ ഇടവഴിയും, വിടര്‍ന്ന കണ്ണുകളും മായാതെ തങ്ങി നിന്നു.

അടുത്ത ദിവസം സുപ്രസിദ്ധമായ ഗോള്‍കൊണ്ട കോട്ട കാണാന്‍ പുറപ്പെട്ടു. ഗോള്‍കൊണ്ട എന്നാ നാമത്തിന്‍റെ ഉത്ഭവം തേലുഗ് പദങ്ങളായ "ഗോല " "കൊണ്ട", അഥവാ ആട്ടിടയന്‍ന്‍റെ കുന്ന് എന്നതില്‍ നിന്നാണ്.പതിമൂന്നാം നൂറ്റാണ്ടില്‍ കാക്കതിയ കുലക്കാര്‍ ആണ് ഗൊല്‍കൊണ്ട ആദ്യം നിര്‍മ്മിച്ചത്‌. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഖുതുബ് ഷാ യുടെ കീഴില്‍ അത് ഹൈദരാബാദിന്‍റെ തലസ്ഥാന നഗരമയിത്തീര്‍ന്നു. ഈ കോട്ട അതിന്‍റെ ശബ്ദ ക്രമീകരണശാസ്ത്രതിനും, വിദഗ്ദ്ധമായ ജലവിതരണത്തിനും വജ്ര ഖനികള്‍ക്കും പേരുകേട്ടതാണ്. പത്ത് കിലോ മീറ്റര്‍ ചുറ്റളവുള്ള കോട്ടമതില്‍ക്കുള്ളില്‍ ഒരു ചരിത്രത്തിന്‍റെ ഓര്‍മപെടുത്തല്‍ എന്നതുപോലെ അതിഗംഭീരമായ മണ്ണിന്‍റെ നിറമുള്ള കോട്ട. ഏകദേശം പതിനൊന്നു കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ കിടക്കുന്ന ഈ കോട്ട നിപുണമായി രൂപകല്‍പന ചെയ്തിട്ടുണ്ട്.കോട്ടയുടെ മുന്നിലെ വിശാലമായ ഉദ്യാനത്തിനു സുഗന്ധം നഷ്ട്ടപെട്ടെങ്കിലും, ശ്രേഷ്ഠമായ ഒരു ഭൂതകാലത്തിന്‍റെ അനുസ്മരണയായി ഇന്നും നിലകൊള്ളുന്നു. 




ഒരു കുന്നിന്‍ പുറത്തായതു കൊണ്ട് പല നിരപ്പിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇരുട്ട് നിറഞ്ഞ മുറികളില്‍ക്കൂടെയും ഇടനാഴികളില്‍ക്കൂടെയും
ഞാന്‍ മണ്ണടിഞ്ഞുപോയ ഒരുപിടി നിമിഷങ്ങളെ ചുവടു പിടിച്ചു നടന്നു. കാലപ്പഴക്കമേറിയ ഈ കരിങ്കല്‍ തൂണുകള്‍ക്ക് പറയാനുണ്ടാകും ഒരായിരം കഥകള്‍. വിജയത്തിന്‍റെയും തോല്‍വിയുടെയും , ചതിയുടെയും വേദനയുടെയും കഥകള്‍. 

കോട്ടയുടെ ഏറ്റവും ഉയരത്തെ ഗോപുരം ബാലാ ഹിസാര്‍ എന്നറിയപ്പെടുന്നു. ഏകദേശം നാന്നൂറ് ചുവടുകള്‍ക്കുയരെയുള്ള ഈ മൂന്നുനില കെട്ടിടമായിരുന്നു അന്നത്തെ ദര്‍ബാര്‍. കോട്ടയുടെ പ്രധമ കവാടത്തില്‍ നിന്നുള്ള കൈയ്യടി ശബ്ദം ഈ ഗോപുരം വരെ പ്രതിഭലിച്ചു കേള്‍ക്കാം.

സുവര്‍ണ്ണോജ്ജ്വലമായ സായാഹ്നത്തില്‍, ദൂരെയെങ്ങോ പാറിപറക്കുന്ന പട്ടം നോക്കിക്കൊണ്ട്‌, ഞാന്‍ ആ അരമതിലില്‍ ചാരി നിന്നു. 
പകിട്ടാര്‍ന്ന ഒരു കാലഘട്ടത്തിന്‍റെ വെളിച്ചം കാണാത്ത ഒരായിരം കഥകള്‍ ഇന്നും സൂക്ഷിക്കുന്ന ചരിത്രത്തിന്‍റെ മൂകസാക്ഷി, ഗോല്‍കൊണ്ട കോട്ട.

           







പതിയെ ഞാനും, ഈ കോട്ടയും, ദൂരയുള്ള മലകളും ഇരുട്ടിലേക്ക് ഈഴുകിചെര്‍ന്നു.


Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Followers

Text Widget