Tuesday 26 March 2013

ബേലൂരിലേക്ക് ഒരു തീർത്ഥാടനം

ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോർത്തു കിടക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങൾ. കേരളം തൊട്ട് അങ്ങ് ഹിമാലയം വരെ അവ കാണാമെങ്കിലും, ഓരോ അമ്പലവും അദ്വിതീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പല കാലഘട്ടത്തിൽ നിർമിക്കപ്പെടുന്നതിനാൽ അവ പല ശൈലികളിലാണ്‌ രൂപകൽപന   ചെയ്തിരിക്കുന്നത്. ഓരോ അമ്പലത്തിനും അതിന്റെതായ ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും ഉണ്ട്. 

തെന്നിന്ത്യയിലെ വിഖ്യാതമായ അനവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് കർണടകയിലാണ്. 
ഇവ സംസ്ഥാനത്തൊട്ടാകെ ചിന്നിച്ചിതറി കിടപ്പുണ്ടെങ്കിലും ബംഗലൂരു നഗരത്തിൽ വസിക്കുന്ന എനിക്ക് നാളിതുവരെ ഒന്ന് പോലും സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെ കർണാടക ടുറിസം ഒരുക്കുന്ന ബേലൂർ - ഹലെബീദു പര്യടന പരുപാടിയെ പറ്റി കേൾക്കാൻ ഇടയായി. അധികം ആലോചിച്ചില്ല, പിറ്റേ ദിവസം ആറരയോടെ KSTDC ആപ്പീസിനു മുന്നിൽ ഞങ്ങൾ എത്തി. ക്ഷേത്രങ്ങൾ ആയതു കൊണ്ടും, വേനൽ സമയമായതു കൊണ്ടും അധികം വിനോദസഞ്ചാരികളെ  പ്രതീക്ഷിച്ചില്ല,  എന്നാൽ നേരെ മറിച്ച് ഒരു ചൈനക്കാരനും , പ്രായം ചെന്നവരും, ഇണക്കുരുവികളും ചെറുപ്പക്കാരും അടങ്ങിയ ഇരുപതംഗ സംഘം ഞങ്ങൾക്ക് മുന്നേ വണ്ടിയിൽ സ്ഥലം പിടിച്ചിരുന്നു. ശ്രാവണബെലഗൊളയിലെ ഗോമതെശ്വരെന്റെ ഏകശിലാസ്തംഭം ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ ആണിത്. 

പുരാതന കർണാടകത്തിലെ പ്രധാന രാജവംശമായിരുന്നു പടിഞ്ഞാറൻ ഗംഗാ രാജവംശം. ഉപസംസ്ഥാനപരമായി ചെറിയ സാമ്രാജ്യമായിരുന്നെങ്കിലും കർണാടകയുടെ രാജ്യഘടനക്കും  സംസ്കാരത്തിനും, സാഹിത്യത്തിനും നിരവധി  സംഭാവനകൾ ഇവർ നല്കിയിട്ടുണ്ട്. കന്നഡ ഭാഷയെയും ലളിത കലകളെയും പരിപോഷിപ്പിച്ചു വന്നവരായിരുന്നു ഇവിടുത്തെ ചക്രവർത്തിമാർ. ജെയ്ന മതമാണ്‌ ഇവരിൽ പലരും ആദ്യകാലത്ത് പിൻതുടർന്ന് വന്നിരുന്നത്. അതിനാൽ ഇവരുടെ മേൽനോട്ടത്തിൽ ധാരാളം ജെയ്ന ക്ഷേത്രങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. 

ജെയ്ന മതത്തിന്റെ  രണ്ടു വിഭാഗങ്ങളാണ്  ദിഗംബരന്മാരും ശ്വേതംബരന്മാരും. ഐതിഹ്യം പറയുന്നത് പണ്ട് ഉത്തരേന്ത്യയിൽ ഒരു ക്ഷാമം വ്യാപിച്ചപ്പോൾ ഒരു കൂട്ടം ജെയ്ന വിശ്വാസികൾ ദക്ഷിണേന്ത്യയിലേക്ക്  അഭയം പ്രാപിച്ചു. ക്ഷാമം മാറി അവർ തിരിച്ചെത്തിയപ്പോൾ  കണ്ടത്, അവിടെ തങ്ങിയവരുടെ വിശ്വാസപ്രമാണങ്ങൾക്ക് അയവു സംഭവിക്കുകയും, മത വിശ്വാസത്തിനു  വിപരീതമായി, വസ്‌ത്രങ്ങൾ(വെള്ള ) ധരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. അങ്ങനെ ആശയത്തിലും വിശ്വാസത്തിലും പിളർപ്പ്‌ സംഭവിച്ച അവർ രണ്ടു കൂട്ടരായി തിരിഞ്ഞു. ദിഗംബരന്മാർ ഇന്നും പൂർണ്ണ  നഗ്ന സന്യാസികളായി  തുടർന്നു പോരുന്നു. 

ഏകദേശം പത്തരയോടെ ഞങ്ങൾ ശ്രാവണബെലഗോല എന്ന പട്ടണത്തിൽ എത്തി. ശ്രാവണ എന്നത് സംസ്കൃത പദമായ ശരമന അഥവാ സന്യാസി എന്നതിൽ നിന്നും ബെലഗോല എന്നത് തനി മലയാളത്തിൽ പറഞ്ഞാൽ ബെല്ല കുള അല്ലെങ്കിൽ വെള്ള കുളം എന്നതിൽ നിന്നും വന്നതാണ്. പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി പച്ച പരവതാനി വിരിച്ചത് പോലെ ഒരു കുളം കാണാം. ഇതിനെയാണോ വെള്ള നിറത്തിലെ കുളം എന്നിവർ വിളിക്കുന്നത്‌ എന്നോർത്ത് ഞാൻ ഒന്ന് ഊറിച്ചിരിച്ചു.  നാഗരിഗത്വത്തിന്റെ കരങ്ങൾ അവിടവിടെ സ്പർഷിച്ചിട്ടുണ്ടെങ്കിലും, മണ്‍ചുവരുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന ഊഷ്മള കാറ്റിൽ പ്രാചീനത്വത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു. 

കുളം കടന്നു നടന്നെത്തിയ ഞങ്ങളെ വരവേറ്റത് അറുന്നൂറ്റി നാല്പത് പടികളാണ്. ഒരു കൂറ്റൻ പാറയിൽ കൊത്തിയെടുത്ത ഈ പടികൾ ചവിട്ടി കയറി വേണം ഗോമാതെശ്വരനെ കാണാൻ, അതും ചെരുപ്പുകൾ ഇല്ലതെ. അങ്ങനെ പാദരക്ഷകൾ ഊരിവെച്ച് ചവിട്ടി കയറി തുടങ്ങിയപ്പോൾ, ഒരു തിക്കും തിരക്കും അങ്ങ് ദൂരെ കാണാൻ ഇടയായി. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് കണ്ടത്, ഭക്തജനങ്ങൾ ഒരു സന്യാസിയുടെ പാദങ്ങളിൽ വീണ് അനുഗ്രഹം വാങ്ങിക്കുകയാണ്, ഒരു ദിഗംബരൻ സന്യാസി !!. നവീകരണത്തിന്റെ മൂർധന്യത്തിൽ നില്ക്കുന്ന നമ്മൾ, എല്ലാം പരിത്യജിച്ചു നിൽക്കുന്ന  ഇദ്ദേഹത്തിനെ മുന്നിൽ ഉരുകി ഇല്ലാതാകും. ഭക്തന്മാരെ അനുഗ്രഹിച്ചു നടന്നു നീങ്ങുന്ന സന്യാസിയെ കടന്നു ഞങ്ങൾ മുകളിലേക്ക് നീങ്ങി. മുകളിലേക്ക് കയറുന്തോറും പടികളുടെ  വലിപ്പം കൂടി വന്നു, പടികൾ തീരുന്നത് ഒരു കൽകവാടത്തിലാണ്. രണ്ടു മിനിറ്റ് ഞങ്ങൾ അവിടെ ഇരുന്നു. തളർന്നുറങ്ങി പോയ  മുട്ടുകളെ ഉണർത്തി ഞാൻ പിന്നെയും മുന്നോട്ടു നടന്നു. കരിങ്കല്ലിൽ വാർത്തെടുത്ത ക്ഷേത്രം ഇവിടെ തുടങ്ങുന്നു. സൂര്യന്റെ താപം വർധിച്ചുകൊണ്ടിരുന്നെങ്കിലും, ക്ഷേത്രത്തിനകത്ത് തണുപ്പ് അനുഭവപ്പെട്ടു. 

ക്ഷേത്രച്ചുവരുകളിൽ ഒരാൾ വലിപ്പത്തിൽ കൊത്തിയ ആകാര സൗഷ്ഠവമുള്ള സ്ത്രീ രൂപങ്ങളെ  കാണാം. ഇടനാഴികളിലേക്ക് ചെല്ലുംതോറും പുറത്തെ താപം തീരെ അനുഭവപ്പെട്ടില്ല 


ദൂരെ നിന്ന് തന്നെ നടുമുറ്റത്തേക്ക് ഇറങ്ങുന്ന വാതിലിലൂടെ  ഭീമാകാരമായ ബഹുബാലിയുടെ പാദങ്ങൾ കാണാം. ക്ഷേത്ര മധ്യത്ത് 56 അടി പൊക്കത്തിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന സാക്ഷാൽ ഗോമാതേശ്വരൻ. ശാന്തതയുടെ പ്രതിരൂപമാണ് ഈ പ്രതിമ. മെയ്യിൽ പടർന്നു കേറുന്ന കള്ളിചെടിയെ ഗൗനിക്കാതെ, നഗ്നനായി  പരമ ജ്ഞാനത്തിനു വേണ്ടി ധ്യാനിച്ച്  നില്ക്കുകയാണ് അദ്ദേഹം. രൂപം വാർത്തെടുത്ത ശിൽപ്പിക്കും ഉണ്ടായിരുന്നിരിക്കാം  ഈ നിർവൃതി. ക്യാമറ ലെൻസിലൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ  അദ്ദേഹത്തിന്റെ ചുണ്ടുകളിൽ നിഗൂഡമായ ഒരു ചെറു പുഞ്ചിരിയില്ലേ എന്ന് സംശയിച്ചു പോയി.   


ജെയ്ന മത വിശ്വാസമനുസരിച്ച് ഒന്നാം തീർതങ്കര വംശാവലിയിലെ രണ്ടാമനായ ബഹുബാലി തന്റെ ജ്യേഷ്‌ഠനായ ഭരതനോട് ഒരിക്കൽ പോർവിളിക്കുകയുണ്ടായി. ദൃഷ്ടി യുദ്ധം , ജല യുദ്ധം, മല്ലയുദ്ധം എന്നിയവിൽ ആര് ജയിക്കുന്നുവോ അവനാണ് രണ്ടു സാമ്രാജ്യവും എന്ന് തീരുമാനിക്കപ്പെട്ടു . യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ബഹുബാലിക്ക് ജ്ഞാനോദയം  ലഭിക്കുകയും, രാജ്യം ജ്യേഷ്ഠനു നല്കി സന്യാസത്തിനു പോകുകയും ചെയ്തു. ഇതിനെക്കാൾ എനിക്കിഷ്ട്ടപ്പെട്ടത്‌ ഇതിന്റെ ഉപകഥയാണ്. സന്യാസത്തിനു പോയ ബഹുബാലിക്ക്  കേവല ജ്ഞാനം കൈവരിക്കാൻ സാധിച്ചില്ല പോലും. തന്റെ പിതാവിന്റെ സഭയിൽ ഒരിക്കലും ബഹുബാലി ചെന്നിരുന്നില്ല, കാരണം തന്നെക്കാൾ മുൻപേ സന്യാസം സ്വീകരിച്ച തന്റെ താഴെയുള്ള തൊണ്ണൂറ്റിയെട്ടു അനുജന്മാരെ വണങ്ങേണ്ടി വരും.  ഒരിക്കൽ ബഹുബാലിയെ  സഹോദരിമാർ വന്ന്, അച്ഛന്റെ സഭയിൽ  സന്നിഹിതനാവാൻ അഭ്യർത്ഥിച്ചു, ബഹുബാലി കൂട്ടാക്കിയില്ല. ഈ വിവരം പിതാവായ ആദിനാഥൻ അറിഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു "അവനോടു ആനപ്പുറത്ത് നിന്ന് ഇറങ്ങി വരാൻ പറയു". സഹോദരിമാർ അച്ഛൻ പറഞ്ഞത് ബഹുബാലിയെ അറിയിച്ചപ്പോൾ അദേഹം സ്വയം ചോദിച്ചു "ഞാൻ ആനപ്പുറത്താണോ ഇരിക്കുന്നത്? " . ഈ ചോദ്യം ഇടിമിന്നൽ പോലെ അദേഹത്തിന്റെ ഉള്ളിൽ ആഞ്ഞടിക്കുകയും, തന്റെ പ്രൗഡിയും അഹങ്കാരവും ഇറക്കി വെച്ച് സഭയിൽ ചെല്ലുകയും, തുടർന്ന് കേവല ജ്ഞാനം കൈവരിക്കുകയും ചെയ്തു. 

മറ്റു കാഴ്ചകളിലേക്ക് ഞാൻ തിരിയുമ്പോൾ ആലോചിച്ചു, ഈ കാലഘട്ടത്തിൽ ഞാൻ എന്ന ഭാവത്തിൽ നടക്കുന്ന നാം എത്ര മൂഢന്മാർ. 



ഗോമതേശ്വരന്റെ കൂറ്റൻ പ്രതിമക്കു തൊട്ടു താഴെ ഒരു ചെറിയ സ്വർണ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഭക്ത ജനങ്ങൾ അതിനു മഞ്ഞളും, പാലും അഭിഷേകം ചെയ്യുന്നത് നിത്യ കാഴ്ചയാണ്. അമ്പലത്തിന്റെ  ചുവരുകളിൽ ഒരുപോലെ ഇരിക്കുന്ന ഇരുപത്തി നാല് തീര്തങ്കരന്മാരെയും കാണാം. പന്ത്രണ്ടരയോടെ ഞങ്ങൾ പൊള്ളി കിടക്കുന്ന  പടികൾ ഓടിയിറങ്ങി, ബസ്സിന്റെ അടുത്ത് എത്തി.


ഉച്ചഭക്ഷണത്തിന് ശേഷം ഹൊയ്സാല ശൈലിയിൽ നിർമിക്കപ്പെട്ട രണ്ട് അമ്പലങ്ങൾ കാണാനാണു പോയത്. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന കെങ്കേമന്മാരാണ് ഹൊയ്സാല രാജാക്കന്മാർ. കർണാടക, തമിഴ്നാട്‌, ആന്ധ്രാ, കേരളത്തിന്റെ കുറച്ചു ഭാഗം, എന്നീ സംസ്ഥാനങ്ങൾ  അന്നത്തെ ഹൊയ്സാല സാമ്രാജ്യത്തിൽ പെടും. ഇന്നത്തെ കർണാടകയുടെ രാജ്യഘടനക്കും, സംസ്കാരത്തിനും സാഹിത്യത്തിനും അനേകം സംഭാവനകൾ നല്കിയിട്ടുണ്ട് ഈ രാജപുഗവന്മാർ.  വേലപുരം( ബേലൂർ ) ആയിരുന്നു ആദ്യ തലസ്ഥാനം. പിൽകാലത്ത് ഹലെബിദുവിലേക്ക് നീക്കപെടുകയും ചെയ്തു. ബിട്ടിദേവയാണ് ഹൊയ്സാല സാമ്രാജ്യത്തിന്റെ പേരുകേട്ട ചക്രവർത്തി. ജെയ്ന മത വിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് ഹിന്ദുമതം സ്വീകരിച്ച് വിഷ്ണുവർദ്ധൻ എന്ന പേരിലറിയപ്പെട്ടുവിഷ്നുവർദ്ധന്റെ ഭരണകാലത്ത് ഒട്ടധികം ക്ഷേത്രങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. അതിൽ ഏറ്റവും വിഖ്യാതമായത് ബേലൂരിലെ ചന്നകേശവ ക്ഷേത്രമാണ്. 
നാല് മണിയോടെ ഞങ്ങൾ ക്ഷേത്ര കവാടത്തിൽ എത്തി. അത്യധികം കലാവൈദഗ്ദ്ധ്യത്തോടെ നിർമിച്ച ക്ഷേത്രമാണിത്. ഇതിന്റെ സ്ഥാപനത്തെ കുറിച് പല വാദങ്ങളുണ്ട്. വിഷ്ണുവർദ്ധൻ എന്ന പേര് സ്വീകരിച്ചതിൽ പിന്നെ നിർമിച്ചതാണ് ഇതെന്നും, അതല്ല തലക്കാടിലെ ചോള വംശത്തെ പിടിച്ചടക്കിയത് അനുസ്മരിച്ച്  ഉണ്ടാക്കിയതാണ് എന്നും പറയുന്നവരുണ്ട്.

തറയിൽ പാകിയ കരിങ്കൽ പാളികൾ പൊള്ളികിടക്കുന്നെങ്കിലും,  ആ പുരാതനവും പാവനവുമായ ക്ഷേത്ര വളപ്പിൽ, യുഗങ്ങൾ പുറകോട്ടു താണ്ടി, പൊടിപിടിച്ചു  കിടക്കുന്ന ഒരു പൈതൃകം തുടച്ചെടുക്കുന്ന കുളിരുള്ള അനുഭൂതിയാണ് എനിക്കുണ്ടായത്. 

കേറിയപാടെ സന്ദർശകരെ പിടികൂടാൻ ഒരു കൂട്ടം ഗൈഡുകൾ വന്നെത്തി. 20 രൂപക്ക് അമ്പലത്തിന്റെ ഏറ്റവും ആകർഷകവും വിട്ടുപോകാൻ പാടില്ലാത്തതുമായ പത്ത് ശിലാമൂർത്തികളെ  കാണിച്ചുതരാം എന്നവർ ഏക സ്വരത്തിൽ പറഞ്ഞു. എല്ലാ ഗൈഡുകളേയും അടക്കി പറയുകയല്ലെങ്കിലും, ഒട്ടു മിക്ക ഗൈഡുകളും തങ്ങൾ മനപ്പാടമാക്കിയ വരികളും, കുറച്ച് സ്വന്തം വരികളും  പിന്നെ കാലക്രമേണെ ഉണ്ടാവുന്ന ചരിത്ര പിശകുകളും കൂടിയ ഒരു ഗംഭീര സമാഹാരമാണ് സന്ദർശകർക്ക്‌ മുന്നിൽ നിരത്തുന്നത്. നെല്ലും പതിരും പാറ്റിയെടുക്കാം എന്ന് വിചാരിച്ച് ഞങ്ങളും ഒരു ഗൈഡിന്റെ പിന്നാലെ കൂടി

ഹൊയ്സാല ശൈലിയിലെ എല്ലാ ക്ഷേത്രങ്ങളുടെ സംവിധാനത്തിലും രേഖാരൂപത്തിലും കുറേ സമാനതകൾ കാണാം. ക്ഷേത്ര ചുവരിന് ചുറ്റും ഏറ്റവും താഴെ കൊത്തിയ ജന്തുജാലങ്ങളാണ്   അതിലൊന്ന്. ഏറ്റവും താഴെയുള്ള വരി ഗജകെസരികളും തുടർന്ന് സിംഹങ്ങളും, അതിന് മുകളിൽ കുതിരകളും ഏറ്റവും മീതെ പുഷ്പങ്ങളും കാണാം. ഇവ  സാമ്രാജ്യത്തിന്റെ ശക്തിയേയും പ്രതാപത്തെയും വേഗതയേയും സമൃദ്ധിയേയും സൂചിപ്പിക്കുന്നു  . പിന്നെ നമ്മുടെ കണ്ണ് പതിക്കുന്നത് മതിലുകളിൽ കൊത്തിയ മന്ദാകിനി എന്ന സ്ത്രീ രൂപങ്ങളെയാണ്‌. നൃത്തചുവടുകൾ വെക്കുന്നതായും, സൗന്ദര്യം സംരക്ഷിക്കുന്നതായും , തോഴിമാരും ഒത്ത് വാദ്യോപകരണങ്ങളും വായിച്ച് ഉല്ലസിക്കുന്നതായും കാണാം. തലമുടിച്ചുരുളുകളും, അവയവങ്ങളുടെ ഒതുക്കവും, വഴക്കവും, ഭാവരസഭേദവും  ആരെയും അമ്പരപ്പിക്കും.   

നേരം വൈകിക്കൊണ്ടിരിക്കുന്നു, ഞാൻ അമ്പലത്തിനകത്ത് കയറി, വാതിലുകളിലൂടെ ഒഴുകിയെത്തുന്ന  സായാന്ഹ പ്രഭ , മിനുസമുള്ള കരിങ്കൽ തൂണുകൾക്കും തറയിലെ പാളികൾക്കും ജീവനേകി. വിഷ്ണുവിന്റെ അവതാരങ്ങളും, വേറെ മൂർത്തികളും, മന്ദാകിനികളും  നിറഞ്ഞ ആ പരിപാവനമായ സ്ഥലത്തെ മനസ്സിൽ അഗാധമായി പതിപ്പിച്ച് ഞാൻ ഇറങ്ങാൻ തുടങ്ങി

അപ്പോൾ വാതിൽക്കൽ ഒരു സ്ത്രീരൂപം എന്റെ കണ്ണിൽ പെട്ടു. സങ്കടമാണോ  ശാന്തതയാണോ അവരുടെ മുഖത്ത് എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. ഏതൊരു സഞ്ചാരിയുടേയും ക്യാമറയിൽ പതിയാറുള്ള പോലെ എന്റതിലും പതിഞ്ഞു...  നിഗൂഡത നിറഞ്ഞ  ഒരു ചിത്രം. 



ഏകദേശം അഞ്ചരയായപ്പോൾ ഹോയ്സാലേശ്വര ക്ഷേത്രത്തിൽ എത്തി. പരിഷ്കൃത ലോകത്തിന്റെ കൽപ്പെരുമാറ്റം: ക്ഷേത്ര പരിസരത്തിനു ചന്തം വരുത്താൻ ഉണ്ടാക്കിയ പച്ചപുൽതകിടിയിലും, അവ നനക്കാൻ ഘടിപ്പിച്ച യന്ത്രങ്ങളിലും, തറയിൽ പാകിയ കോണ്‍ക്രീറ്റ് കല്ലുകളിലും കാണാം.  എന്നിരുന്നാലും കാർമേഘം മൂടിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ, അമ്പലവും,പുൽത്തകിടിയും എല്ലാം കണ്ണുകൾക്ക് ഒരു ഗംഭീര ദൃശ്യ വിരുന്നൊരുക്കി. വിഷ്ണുവർദ്ധന്റെ  ഭരണകാലത്ത്  ഉണ്ടാക്കിയ മറ്റൊരു അമ്പലമാണിത്. ചന്നകേശവ വൈഷ്ണവ ക്ഷേത്രമെങ്കിൽ ഹോയ്സലേശ്വര ശൈവ ക്ഷേത്രമാണ്. അതി മനോഹരമായി നിർമിക്കപെട്ട ഈ ക്ഷേത്രം പേരുകേട്ടത് ഇതിന്റെ പുറമെയുള്ള ചുവരിലെ കൊത്തുപണിക്കാണ്. ഇരുന്നൂറ്റി നാല്പത് നൃത്തമാടുന്ന ഗണപതികൾ ഈ ചുവരിലുണ്ടത്രെ. ക്ഷേത്രതിനടുത്തായി രണ്ടു കരിങ്കൽ മണ്ഡപങ്ങളിൽ വൈകുണ്ടത്തിന്റെ കാവൽക്കാരനായ നന്ദിയെ സ്ഥാപിച്ചിട്ടുണ്ട്.


അമ്പലത്തെ ശീഘ്രം വലം വെച്ച് കണ്ടിട്ട് , പുറകിലുള്ള ഉദ്യാനത്തിലേക്ക്  ഞങ്ങൾ നടന്നു. അപ്രതീക്ഷിതമായി അതാ അവിടെ ഉയർന്നു നിൽക്കുന്നു വീണ്ടുമൊരു ഗോമതേശ്വരൻ. സ്ഥലം ഒന്ന് സൂക്ഷിച്ചു നിരീക്ഷിച്ചപ്പോൾ ആണ് മനസ്സിലായത്. പൊട്ടിയും പൊളിഞ്ഞതുമായ  കുറെ ശില്പങ്ങൾ അവിടവിടെ കിടക്കുന്നു. പുതിതായി ആ പ്രദേശത്ത് നിന്നു കണ്ടെത്തുന്ന ശിലാപ്രതിമകളുടെ അവശിഷ്ട്ടങ്ങൾ ഇവിടെ നിക്ഷേപിക്കുന്നു. ദേവസങ്കൽപ്പങ്ങളെ ബാക്കി നിർത്തി, കല്ലില്ലും മണ്ണിലും നിന്നുണ്ടായവർ  ഇതാ ഇവിടെ തിരിച്ചു മണ്ണിലേക്ക് മടങ്ങുന്നു. 

മഴ പൊടിഞ്ഞു തുടങ്ങി. മടക്കുയാത്രക്ക് സമയമായി.  

ബസ്സിലേക്ക് നടന്നു കൊണ്ടിരിക്കെ, എന്റെ മനസിലേക്ക്  നനഞ്ഞ  മണ്ണിന്റെ ഗന്ധത്തോടൊപ്പം, ഒരു പൗരാണിക പരിമളവും പടർന്നു...

Mathrubhumi Blogs

2 comments:

Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Followers

Text Widget