Friday 1 November 2013

ഒരു വരവ് കൂടി വരേണ്ടി വരും

'ഒരു വരവ് കൂടി വരേണ്ടി വരും' എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ തവണ സാവൻ ദുർഗ്ഗയോട് യാത്ര പറഞ്ഞ് ഇറങ്ങിയത്.  ബംഗലൂരു നഗരത്തിൽ നിന്ന് ഏകദേശം 50km ക്കകലെ, മഗടി താലൂക്കിലാണ്, സാവൻ ദുർഗ്ഗ മലനിരകൾ സ്ഥിധി ചെയ്യുന്നത്. സാവൻ ദുർഗ്ഗ ഇരട്ടത്തലയൻ മലകളാണ്, ഒരുത്തനെ ബില്ലി ഗുഡാ(വെളുത്ത മല) എന്നും മറ്റവനെ കരി ഗുഡാ(കറുത്ത മല) എന്നും വിളിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1220m ഉയരത്തിൽ, നല്ല ഗമയിൽ തലയുയർത്തി നിൽക്കുന്ന ചെങ്കുത്തായ പാറമടകൾ. ഹൈദർ അലിയുടെ കാലഘട്ടത്തിൽ ഈ മലകൾ ഒരു കാരാഗൃഹമയിരുന്നത്രേ, ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത, സാവിന ദുർഗ്ഗ അഥവാ മരണത്തിന്റെ കോട്ട എന്ന ഓമനപ്പേരുള്ള സാവാൻ ദുർഗ്ഗ മലകൾ.

കരിഗുഡയെ കീഴടക്കാൻ ഞാൻ  പണ്ടൊരു ശ്രമം നടത്തിയിരുന്നു, എന്നാൽ മല കയറി ശീലമില്ലാത്തതിനാലും, വേണ്ടത്ര  തയ്യാറെടുപ്പുകൾ ഇല്ലാത്തതിനാലും ഞാൻ ആ മല നിരകളുടെ മുന്നിൽ മുട്ടുമടക്കി തിരിച്ചിറങ്ങി. 

മൂന്നു മാസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും പുറപ്പെട്ടു. ഇത്തവണ പതിനൊന്നു യുവതികൽക്കൊപ്പം.  വളരെ യാദ്രശ്ചികമായാണ് ഈ യാത്ര സംഘത്തിനെ പറ്റി ഞാൻ ഒരു വെബ്‌സൈറ്റിൽ നിന്ന് അറിയാനിടയായത്. വനിതകൾക്കായി മാത്രമൊരു യാത്ര സംഘം എന്ന് കേട്ടപ്പോഴേ ഹൃദയം ഒരു സമ്മർസാൽട്ട് അടിച്ചു.. ഇന്നും ഇന്ത്യയിൽ ഒറ്റക്ക് യാത്ര ചെയ്യാൻ ഉള്ള ധൈര്യം എനിക്ക് വന്നിട്ടല്ല. ഏതു ദിനമായാലും, ഏത് പത്രമെടുത്താലും, വനിതകൾക്കെതിരെയുള്ള ആക്രമങ്ങളും പീഡനങ്ങളും, ഒരു ദൈനന്തിക വഴിപാടുപോലെ, എല്ലാത്തിലും കാണാം. ഉള്ളിൽ രോഷം കൊള്ളുക എന്നല്ലാതെ എനിക്കൊന്നും ചെയ്യാൻ സാധിക്കാറില്ല, എന്ത് സാധിക്കുമെന്നും അറിയില്ല. എന്നാലും സഞ്ചാരത്തിനോടുള്ള പ്രേമം ഉപേക്ഷിക്കാൻ സാധിക്കാത്തത് കാരണം, ഇത് പോലുള്ള യാത്ര സംഘങ്ങൾ ആണ് പിന്നുള്ള ആശ്രയം. 

അങ്ങനെ ഒരു ഞായറാഴ്ച രാവിലെ ഞങ്ങൾ പന്ത്രണ്ടു പേർ സാവാൻ ദുർഗ്ഗയെ കീഴടക്കാൻ ഇറങ്ങി പുറപെട്ടു. തലേന്ന് നന്നായി മഴ പെയ്തത് കാരണം, പ്രഭാതം തണുപ്പുള്ളതും കോട മൂടിയതും ആയിരുന്നു. ഒഴിഞ്ഞ് കിടക്കുന്ന നഗര പാതകളിലൂടെ വണ്ടി ചീറിപാഞ്ഞ്‌ നീങ്ങി.വാഹനങ്ങൾ ഇല്ലാത്ത, ആളൊഴിഞ്ഞ ബംഗലൂരു നഗരവീഥി, വരകൾ നഷ്ട്ടപെട്ട പുലി പോലെയാണ്. ഈ നഗരത്തിന്റെ സ്പന്ദനം ഇവിടുത്തെ തിക്കും തിരക്കിലുമാണ്, വിഭിന്നമായ നഗരവാസികളിലാണ്, വാഹനങ്ങളുടെ തീരാ തിരമാലകളിലാണ്‌. ഇതൊന്നും ഇല്ലാത്ത ഒരു ബംഗലൂരു  ആണ് ഇന്ന് എന്റെ മുന്നിൽ നിറഞ്ഞു നിന്നിരുന്നത്. കിരീടം നഷ്ട്ടപെട്ട ഒരു രാജാവിനെ പോലെ..

നഗരാതിർത്തി വിട്ടാൽ പിന്നെ, കണ്ണുകൾക്ക് കുളിർമയേകുന്ന ഹരിത ഗ്രാമങ്ങളാണ് കാണാൻ സാധിക്കുന്നത്. ചെറിയ പട്ടണങ്ങളെയും, വയലുകളേയും താണ്ടി ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിരാവിലെ തിരിച്ചത് കാരണം ഭക്ഷണം കഴിക്കാനായി ഒരു വഴിയോരക്കടയിൽ നിർത്തി. ചൂടോടെ ദോശയും വടയും അകത്താക്കി യാത്ര  പുനരാരംഭിച്ചു. 

ഇതിനോടകം എല്ലാവരും അന്യോന്യം  പരിചയപ്പെട്ട്‌ കഴിഞ്ഞിരുന്നു, പിന്നെ പെണ്‍പ്പടയുടെ സൊറ പറച്ചിലായി. 



താമസിയാതെ പർവതനിരകൾ കണ്ട് തുടങ്ങി. കോടകൊണ്ട് തലപ്പാവണിഞ്ഞ കൂറ്റൻ മലകൾ കണ്ടപ്പോൾ ഞാൻ അറിയാതൊന്ന് സ്തംഭിചു. നല്ല കുത്തനെയുള്ള ചെരിവ് അള്ളി പിടിച്ചു കയറുന്നത് ദുർഖടമായിരിക്കും.  നിമിഷങ്ങൾക്കകം ഞങ്ങൾ സാവൻ ദുർഗ്ഗയുടെ ചുവടിൽ എത്തി.  മണി ഒൻപതര കഴിഞ്ഞെങ്കിലും, സൂര്യൻ അങ്ങ് ഉഷാറയിട്ടില്ല. രണ്ടു മണിക്കൂർ എങ്കിലും എടുക്കും മലയുടെ ഏറ്റവും മുകളിലെത്താൻ. വഴികാട്ടനായും, കുറച്ചു വെള്ളം കുപ്പികൾ കൊണ്ട് പോകാൻ സഹായിക്കനുമായി ഞങ്ങൾ അവിടുത്തെ സ്വദേശിയായ യോഗേഷ എന്ന പയ്യനെ കൂട്ടുപിടിച്ചു. കണ്ടാൽ പതിമൂന്നു വയസ്സ് തോന്നിക്കുമായിരിക്കും, എന്നാലും മലയുടെ ഭൂമിശാസ്ത്രം അവനു മനഃപാഠമാണ്. കന്നഡ മാത്രമേ അവനു വശമുള്ളൂ എന്നാലും മുറി ഹിന്ദിയും, തമിഴിലും ഇംഗ്ലീഷിലും അവൻ ഞങ്ങളോട് വാതോരാതെ സംസാരിച്ചു. കന്നഡ കേലരി അക്ക( കന്നഡ പഠിക്കു ചേച്ചി ) എന്നും, ഇല്ലി ഹോഗി(ഇവിടെ പോകു) എന്നൊക്കെ നിർദേശിച്ചു കൊണ്ട് ഞങ്ങൾക്ക് മുന്നേ വഴികാട്ടി അവൻ നടന്നു.

മലയുടെ കടയിലേക്കുള്ള യാത്ര കുറ്റികാടുകളിലൂടെയാണ്. മുകളിലോട്ടു കയറിയാൽ പിന്നെ
ഉണങ്ങിച്ചുക്കിയ  മുൾക്കാടുകൾ ആണത്രേ. അവസാനത്തെ പച്ചപ്പിനോട് യാത്ര പറഞ്ഞു കൊണ്ട് മുകളിലോട്ടു കയറി തുടങ്ങി. ഓരോ ചുവടും പതറാതെ ഓരോരുത്തരും മലയെ അള്ളിപിടിച്ചു കയറി തുടങ്ങി.

 പ്രകൃതിയുടെ പരീക്ഷണം എന്ന പോലെ, മുകളിലോട്ടു കയറുന്തോറും കുത്തനയുള്ള ചെരിവുകളായി, അതിനു പുറമേ തല്ലേന്നു മഴ പെയ്തത് കാരണം മിനുസമുള്ള പാറ തെന്നിതുടങ്ങുകയും ചെയ്തു. ഓരോ ചുവടു വെക്കുന്തോറും, കാലുകൾ പതറി തുടങ്ങി, വിരലുകൾ വേദനയിൽ അലറി, പരവേശവും ക്ഷീണവും  സട കുടഞ്ഞെണീറ്റു. പക്ഷേ ഒരു പ്രാവശ്യം മടങ്ങിപ്പോയത് കാരണം ഞാൻ വിട്ടു കൊടുക്കാൻ തയാറായില്ല. പതിയെ പതിയെ മുന്നോട്ട് നീങ്ങി. 

ഒരു പക്ഷെ ഈ ഉയരത്തിൽ നിന്നുള്ള കാഴ്ച്ചയായിരിക്കും എന്നെ മുന്നോട്ടു കയറാൻ പ്രചോദിപ്പിച്ചത്. അക്രാവതി നദിയും ചുറ്റുപാടുമുള്ള കുന്നുകളും ഒരു ചിത്രകാരന്റെ തൂലിക കൊണ്ട് കോറിയ പോലെ, അലസമായി പടർന്നു കിടക്കുന്നു. വെള്ളി കരയുള്ള പച്ചപ്പട്ടുത്ത പ്രകൃതിയെ കണ്ണാൻ ഞാൻ ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടേ ഇരുന്നു.  

ഒരു മണിക്കൂർ കൊണ്ട് ഏകദേശം ഒരു കിലോമീറ്റർ മുകളിലോട്ടു നടന്നു നീങ്ങിക്കാണും. പിന്നീടുള്ള നടപ്പ് എളുപ്പമായിരുന്നു. ചുടുകട്ട കൊണ്ട് പാകിയ പാതയുലൂടെ വീണ്ടും ഒരു ഇരുപതു മിനിറ്റ് നടന്നു. കള്ളിച്ചെടികളും, മുൾക്കാടുകളും കണ്ടു തുടങ്ങി. പാറയിൽ ഉണ്ടായ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നു, അതിൽ പായലിന് പകരം ഒരു തരം കുറ്റിച്ചെടിയാണ് ഇടം പിടിച്ചിരിക്കുന്നത്. കുളത്തിനെ കല്യാണി എന്നാണ് കന്നഡയിൽ വിശേഷിപ്പിക്കുന്നത് എന്ന് യോഗേഷയിൽ നിന്നറിഞ്ഞു. 


അങ്ങനെ കുറച്ചു കല്യണികളെ കടന്നുകൊണ്ട് പതുക്കെ മലയുടെ മൂർദ്ധാവിലേക്ക് ഞങ്ങൾ എത്താറായി. ഏത് യാത്രയുടെയും ലക്ഷ്യസ്ഥലം എത്തുന്നതിനു തൊട്ടു മുൻപുള്ള ഘട്ടം ലേശം ദുർഖടം പിടിച്ചവയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. 

കുറ്റിക്കാടുകൾ പിന്നീട് പാറമടകൾക്ക് വഴിമാറിക്കൊടുത്തു. കൂറ്റൻ പാറകളുടെ വിടവുകളിലൂടെ ഞങ്ങൾ നൂണ്ടിറങ്ങി. വല്ലാത്ത തണുപ്പും, ഈർപ്പവും, അജ്ഞാതതയും ആണവിടെ. എന്തായാലും  ഹൈദർ അലി  തടവറയാക്കാൻ കണ്ടു പിടിച്ചതു ഗംഭീര സ്ഥലം തന്നെ! മുകളിലേക്ക് എത്തിപ്പെട്ടാൽ, പിന്നെ രക്ഷപ്പെടാൻ മുൻ ജന്മത്തിൽ പുണ്യം ചെയ്തവനു പോലും സാധിക്കില്ല! അവസാനത്തെ 100m ഇടുങ്ങിയ, അപകടം പിടിച്ച, പാറക്കെട്ടുകൾ ആയിരുന്നു. ഞങ്ങൾ വരിവരിയായി നീങ്ങി. മുന്നിലുള്ള ആൾ ചവിട്ടേണ്ട പാറകളെ പുറകിലുള്ള വ്യക്തിക്ക് പറഞ്ഞു കൊടുത്ത് 
കൊണ്ട് കയറി. 


കണ്ണുകൾക്ക്‌ കുളിർമയുള്ള ദൃശ്യമാണ് എല്ലാവരെയും വരവേറ്റത്. ഇളം നീലാകാശത്തിന്റെ പിന്നണിയിൽ, പട്ടു മേഘത്തിന്റെ ഇടയിലൂടെ താഴെ ഒരു സ്വർഗ്ഗം കാണാം. എന്നും പൊടിയും പുകയും മലിനീകരണവും എന്ന് പരാതിപ്പെടുന്ന നമ്മൾ ലേശം ഉയരത്തിൽ നിൽക്കുമ്പോൾ കാണുന്നത് ഒരു ദിവ്യ ലോകം തന്നെയാണ്.
ദൈനന്തിക ജീവിത ബഹളങ്ങളിൽ നിന്ന് വല്ലപ്പോഴും ഇങ്ങനെ ഒന്ന് മാറി നിന്ന് ചുറ്റുപാട്  വീക്ഷിച്ചാൽ മറന്നു കിടക്കുന്ന ഒരുപാട് സ്വർഗ്ഗങ്ങളെ വീണ്ടെടുക്കാൻ സാധിക്കും. ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെ മുഖത്ത് ആഹ്ലാദകരമായ ഒരു നിർവൃതിയാണ് നിറഞ്ഞു നിന്ന്.


ഒരു മണിക്കൂർ അങ്ങനെ അവിടെ ചെലവഴിച്ച്, ചക്രവാളത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന, പാറക്കെട്ടിന്റെ അധിപനായ നന്ദിയുടെ പ്രതിമയെ ഒന്ന് വണങ്ങി ഞങ്ങൾ താഴോട്ടുള്ള യാത്ര തുടങ്ങി. അഅതേ പാറമടകളെയും, കുറ്റിക്കാടുകളെയും, കുത്തനെയുള്ള ചെരുവുകളും മറികടന്നു ഞങ്ങൾ സുരക്ഷിതമായി താഴെയെത്തി. ഇളനീർ മട മടാന്നു ഇറക്കി, യോഗേഷ യോട് നന്ദി പറഞ്ഞും അവിടെ നിന്ന് തിരിച്ചു. 

വണ്ടി നീങ്ങി തുടങ്ങി, ഞാൻ ആ നിഗുഡത നിറഞ്ഞ മലയെ നെടുവീർപ്പോടെ കണ്മറയും വരെ നോക്കിയിരുന്നു. ഒന്ന് കാറ്റടിച്ചപ്പഴേക്കും തളർന്ന ക്ഷീണിച്ച ഞാൻ ഉറങ്ങിപ്പോയി. സ്വപ്നത്തിൽ വീണ്ടും ആ പാറമടയിൽ എത്തി. പടച്ചട്ട അണിഞ്ഞ ഭടന്മാരും, അവശരായ തടവുകാരും, ആ ഈർപ്പമുള്ള പാറക്കെട്ടുകളിൽ ഒഴുകിവന്ന തണുത്ത കാറ്റിൽ തുറങ്കിലടക്കപ്പെട്ടവരുടെ ഒരു നിശബ്ദ തേങ്ങൽ എന്നെ തേടിയെത്തി. ഞെട്ടി എണീറ്റ എന്റെ മുഖത്തേക്ക് കാറ്റ് അപ്പോഴും അടിക്കുന്നുണ്ടായിരുന്നു..



Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Followers

Text Widget