Saturday 27 December 2014

നേത്രാണിയും, അവളുടെ മാന്ത്രിക ലോകവും

ജീവിതത്തിൽ മുമ്പൊരിക്കലും കടൽ തട്ട് കണ്ടു വരാമെന്ന മോഹമുദിച്ചിട്ടില്ല, വളരെ യാദ്രിശ്ചികമായാണ് നിർവാണ നോമാട്സ് (Nirvana Nomads) എന്ന യാത്ര സംഘത്തെ പറ്റി ഫേസ്ബുക്കിൽ നിന്ന് അറിയാനിടയായത്‌. സ്ക്യുബ ടൈവിംഗും പിന്നെ അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഒരു യാത്ര ഒരുക്കുന്നു എന്നായിരുന്നു പരസ്യം. അവസാന തിയതി കഴിഞ്ഞെങ്കിലും ഞാൻ വെറുതെയൊന്നു വിളിച്ചു നോക്കി. എനിക്കെന്നവണ്ണം ഒരു സീറ്റ്‌ ബാക്കിയുടെന്നറിഞ്ഞു, പിന്നെ വേറെ ഒന്നും ആലോചിച്ചില്ല.

വെള്ളിയാഴിച്ച രാത്രി പതിനൊന്നു അപരിചിതരോടൊപ്പം ഞാൻ ബംഗലൂരുവിൽ നിന്ന്  യാത്ര പുറപ്പെട്ടു. മുരുടേഷ്വരയിലേക്ക്.. നഗരാതിർത്തി വിട്ടപ്പോഴേക്കും വഴിയോര വിളക്കുക്കളെ ഇരുട്ട് വിഴുങ്ങി, പിന്നെ വാഹനത്തിന്റെ പന്തക്കണ്ണുകളുടെ വെളിച്ചത്തിൽ ഞങ്ങൾ ചീറി പാഞ്ഞു. യാത്ര തലക്ക് പിടിച്ചവർ തമ്മിൽ പരിചയപ്പെടാനും ഇടപഴകാനും അധികം സമയം വേണ്ടല്ലോ ..  രാവിലെ മുരുടേഷ്വരയിൽ എത്തിയപ്പോഴേക്കും എല്ലാവരും ഇന്നലെ പരിചയപ്പെട്ടവരാണെന്ന് മറന്നു കഴിഞ്ഞിരുന്നു. 

ഇന്ത്യയിൽ സ്ക്യുബ ചെയ്യാൻ നാല് സ്ഥലങ്ങളാണ് പ്രധാനമായി  ഉള്ളത്, ആൻഡമാൻ ദ്വീപുകൾ, ലക്ഷദ്വീപ്, ഗോവ , പിന്നെ മുരുടേഷ്വരയിലെ നേത്രാണി ദ്വീപും. എട്ടുമണിയായപ്പോഴേക്കും ഞങ്ങൾ മുരുടേഷ്വരയിൽ എത്തി, ആർ എൻ എസ് (R N S ) അധിഥി മന്ദിരത്തിൽ ചെക്ക് ഇന് ചെയ്ത് വീണ്ടുമിറങ്ങി. ഈ പട്ടണം ഒരു മുക്കുവപ്പട്ടണമാണെങ്കിലും, ഇവിടെയെങ്ങും തീർത്ഥാടകരെയാണ്. കാണാൻ സാധിക്കുന്നത്  മൂകാംബിക സന്ദർശകരുടെ ഇടത്താവളമാണ് ഈ ചെറുപ്പട്ടണം. മുരുടേഷ്വരയുടെ മുഖമുദ്രയായി തീർന്നിരിക്കുന്നത്, ഇവിടെ സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റൻ മഹാദേവ പ്രതിമയാണ്. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള ശിവ പ്രതിമയാണിതെങ്കിലും, ലോക പട്ടികയിൽ രണ്ടാമതായി. ഒന്നാം സ്ഥാനം നേപാളിലുള്ള കൈലാസ്നാഥ് മഹാദേവ് പ്രതിമയ്ക്കാണ്.

ഓരോ പട്ടണത്തിനു പിന്നിലും ഐതിഹ്യം സർവസാധാരണമാണ്, ഐതിഹ്യം ഇല്ലെങ്കിൽ ഒരു നുണക്കഥയെങ്കിലും കാണും. രാവണൻ തന്റെ കഠിന തപസ്സാൽ മഹാദേവനെ പ്രീതിപ്പെടുത്തി,  ആത്മ ലിംഗത്തിനായി ആവശ്യപ്പെട്ടു. (ആത്മ ലിംഗത്തിനെ പൂജ ചെയ്താണത്രേ ദേവന്മാർ അനശ്വരരായത്). ഒരു കാരണവശാലും തറയിൽ വെക്കരുതെന്നു പറഞ്ഞ് ശിവൻ അത്  കൊടുക്കുകയും ചെയ്തു. ഇതിന്റെ വിപത്ത് മനസിലാക്കിയ നാരദ മുനി ഗണപതിയെയും മഹാവിഷ്ണുവിനെയും വിവരമറിയിച്ചു. ഗണപതി ഒരു ബ്രാഹ്മണ ബാലനായി അവതരിച്ച് രാവണന്റെ അടുത്തേക്ക് ചെന്നു. അതേ സമയം വിഷ്ണു ഭഗവാൻ  സൂര്യനെ മറച്ചു പിടിച്ച്, സായാഹ്നമാക്കി. കൈയ്യിൽ ആത്മ ലിംഗം ഉള്ളതിനാൽ വൈകുന്നേര പൂജാ കർമ്മങ്ങൾക്ക് പോകാനാവാതെ  വിഷമിച്ചു നിൽക്കുന്ന രാവണന്റെ അടുത്തേക്ക്, അതാ ഒരു ബ്രാഹ്മണ ബാലൻ നടന്നു വരുന്നു.  ബാക്കി പറയണ്ടതില്ലല്ലോ.
തറയിൽ വെക്കരുത് എന്ന് പറഞ്ഞ് രാവണൻ കൊടുക്കുകയും, രാവണൻ പോയ നിമിഷം ബാലൻ വെക്കുകയും ചെയ്തു. മറച്ചു പിടിച്ച സൂര്യനെ വിഷ്ണു പൂർവസ്ഥിതിയിലാക്കി. അമ്മളി പറ്റിയെന്ന് മനസ്സിലാക്കിയ രാവണൻ തിരിച്ചെത്തിയപ്പോഴേക്കും, ബാലന്റെ പൊടിപോലും അവിടെങ്ങും ഇല്ല. കലിതുള്ളിയ രാവണൻ തറയിൽ ഉറച്ചു പോയ ആത്മ ലിംഗത്തെ വലിച്ചെടുക്കാൻ നോക്കിയപ്പോൾ പല കഷ്ണങ്ങളായി അഞ്ച് പ്രദേശങ്ങളിൽ പതിച്ചു . ആത്മ ലിംഗത്തെ മറച്ച് വെച്ച ഒരു തുണികഷ്ണം മൃദേഷ്വരയിൽ വീഴുകയും, മൃദേഷ്വര പിന്നെ മുരുടേഷ്വർ അഥവാ മുരുദേഷ്വര എന്നറിയപ്പെട്ടു.

പ്രഭാത ഭക്ഷണം കഴിച്ച്, പൊള്ളുന്ന വെയിലിൽ ഞങ്ങൾ സ്ക്യുബ ചെയ്യ്യാൻ "ഡ്രീംസ്‌ ദിവിംഗ് " ഒരുക്കിയ ബോട്ടിലെക്ക് നടന്നു. കരയിൽ നിന്ന് 20km അകലെയാണ് ഹൃദയാകൃതിയിലുള്ള നേത്രാണീ ദ്വീപ്‌. ഏകദേശം ഒരു മണികൂർ യാത്രയുണ്ട്. ലൈഫ് ജാക്കറ്റുകൾ ഇട്ട് അങ്ങകലെയുള്ള ദ്വീപിലേക്ക് യാത്ര തുടങ്ങി. ഞങ്ങളുടെ ഇൻസ്ട്രക്ടർ രാവത് സ്ക്യുബയുടെ പ്രാഥമിക കാര്യങ്ങൾ വിവരിച്ചു തന്നു. വെള്ളത്തിനടിയിൽ വായിലൂടെ ശ്വാസം വലിക്കേണ്ടത് എങ്ങനെയാണു, പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, അരുതാത്തത് എന്തൊക്കെയാണ് അങ്ങനെ. സ്ക്യുബ എന്നത് സെൽഫ് കണ്‍ട്ടേൻട് അണ്ടർവാട്ടർ ബ്രീതിംഗ് അപ്പാരറ്റസ് (Self Contained Underwater Breathing Apparatus) എന്നതിന്റെ ചുരുക്കപേരാണെന്ന് അപ്പോഴാണ് മനസ്സിലായത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കരയെല്ലാം മാഞ്ഞു കഴിഞ്ഞിരുന്നു, കലങ്ങിയ തവിട് വെള്ളം തിളങ്ങുന്ന നീല നിറമായി. നാലുപാടും അനന്തമായി സാഗരം അലയടിച്ചു കിടക്കുന്നത്  ഒരു സുന്ദര ദൃശ്യം തന്നെ.

പതിയെ നേത്രാണീയെ കണ്ടു തുടങ്ങി,  പരന്നു കിടക്കുന്ന നീലക്കടലിൽ, ഒരു മരതകം പോലെ തലയുയർത്തി നില്ക്കയാണ് നേത്രാണീ. ബോട്ട് ദ്വീപിനെ വലം വെച്ചു. സസ്യങ്ങളാൽ അനുഗ്രഹീതമാണിവിടെ. മനുഷ്യാവാസമില്ലാത്ത ദ്വീപിന്റെ അധിപൻ പ്രാവുകളും ആടുകളുമാണ്. ആളുകൾ ഇല്ലാത്ത പ്രദേശത്തിൽ  ആടുകൾ എവിടുന്നെത്തി എന്നുള്ളത് സ്വാഭാവികമായും ആരും ചോദിച്ചേക്കാവുന്ന ഒരു ചോദ്യമാണ്. പണ്ട് ആൾതാമസം ഉണ്ടായേക്കാം എന്ന് വേണം മനസ്സില്ലാക്കാൻ. നാവിക സേന ഈ ചെറു ദ്വീപുകളിൽ ആയുധ പരീക്ഷണങ്ങൾ നടത്താറുള്ളത് കൊണ്ട്, ഇവിടെ ഇറങ്ങാൻ സർക്കാർ അനുമതി വേണം. കടലിലേക്ക് വാ തുറന്നു നിൽക്കുന്ന ഒരു ഗുഹയെ ഞാൻ ക്യാമറ ലെൻസിലൂടെ അടുപ്പിച്ചു. ആൾതാമസം ഇല്ലാന്ന് പറയുന്നെങ്കിലും, ഈ ഗുഹ നിഗൂഡതക്ക് വകുപ്പുണ്ടാക്കുന്നു.. 
ദ്വീപിനെ പലതവണ  വലം വെച്ച് ബോട്ട് അവസാനം നങ്കൂരമിട്ടു. ബോട്ട് നിലച്ചപ്പോഴേക്കും നെഞ്ചിനുള്ളിൽ ഒരു ചിറകടി ശബ്ദം കേട്ട് തുടങ്ങി. നിലമില്ലാ ആഴക്കടലിലേക്ക് ചാടുകയാണ് എന്നത് ബോട്ട് ആടിയുലയുന്നതിനെക്കാൾ ഊക്കോടെ എന്റെ മനസ്സിൽ മറിഞ്ഞുലയുകയാണ്. നാല്പത് അടിയിലാണ് കടൽ തട്ട് കിടക്കുന്നത്.    

വേറൊരു ബോട്ട് എല്ലാവർക്കും ആവശ്യമായ ഓക്സിജൻ നിറച്ച ടാങ്കുകൾ , വെള്ളത്തിനടിയിൽ ഇടുന്ന ജാക്കറ്റുകൾ, കാലുറകൾ മുതലായവയുമായി കാത്തു നില്പ്പുണ്ടായിരുന്നു. ഓരോരുത്തരായി ആ ബോട്ടിലെക്ക് കടന്നു. പിന്നെ നാലുപേരു വെച്ച് ബോട്ടിന്റെ അരികത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. കടലിലേക്ക് പുറം തിരിഞ്ഞാണ് ഇരിപ്പ്. ഒക്സിജൻ ടാങ്ക് ഘടിപ്പിച്ച ജാക്കറ്റുകൾ മോതുകത്ത് വെച്ച് കെട്ടി. ഓരോ ടാങ്കിലും 2000ലി. പ്രാണവായു നിറച്ചിട്ടുണ്ട്. മിതമായി ശ്വാസം വലിച്ചാൽ അര മണിക്കൂർ നേരം വെള്ളത്തിനടിയിൽ നില്ക്കാം. ജാക്കറ്റിട്ടത്തിന് ശേഷം അരക്കു ചുറ്റും കല്ലുകൾ വെച്ചൊരു പട്ട കെട്ടി. ആഴത്തിലിറങ്ങാൻ സഹായിക്കാനാണ് ഇവ, ശ്വാസം വലിക്കാനുള്ള കുഴലുകൾ വായിൽ കടിച്ചു പിടിക്കാൻ ആവശ്യപ്പെട്ടു. കാലുകളിൽ മീൻ ചിറകുകൾ പോലത്തെ ഉറകൾ ഇട്ടു.  മൊത്തത്തിൽ കണ്ടാൽ സിനിമകളിൽ കാണുന്ന അന്യഗ്രഹ ജീവിയെ പോലെ. 

പിന്നെ റെഡി ആണോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് ഒരൊറ്റ തള്ള്,, മലർന്നു ഒരു നിമിഷം നീലാകാശം കണ്ട്, തലകുത്തി , കടലിലേക്ക്.. ബ്ളും! ഈ തള്ളിനെ ട്രസ്റ്റ് ഫാൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രസ്റ്റ് ഇല്ലാതാക്കുന്ന ഫാൾ എന്ന് പുനർ നാമകരണം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം, വീഴുന്ന ഉടൻ ഇൻസ്ട്രക്റ്റർ നമ്മുടെ ഒക്സിജൻ അളവ് ക്രമീകരിക്കും.


താഴോട്ടുള്ള സഞ്ചാരം തുടങ്ങുകയായി. നീല നിറം പൂശിയ വേറേ വേറൊരു ലോകം. ശ്വാസം വിടുമ്പോൾ വെള്ളത്തിനടിയിലാണെന്നു ഓർമ വരും. കൂട്ടം കൂട്ടമായി മീനുകൾ എനിക്ക് ചുറ്റും നീന്തി തുടിക്കുന്നു. പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള  നൂറു കണക്കിനു മത്സ്യങ്ങൾ.. പുറത്തു സാഗരം മറിഞ്ഞിളകുകയാണെങ്കിലും, ഇവിടം വളരെ ശാന്തമാണ്‌. ഈ നിശബ്തതയോട് ആർക്കും പ്രണയം തോന്നി പോകും. പെട്ടന്ന് ഒരു കൂട്ടം കറുത്ത മീനുകൾ എന്റെ അരികിലൂടെ നീന്തി മറഞ്ഞു. ഓരോ കൂട്ടത്തിലും എണ്ണാവുന്നതിലധികം മീനുകൾ ഉണ്ട്. മഞ്ഞയും കറുപ്പും വരകളുള്ള മറ്റൊരു കൂട്ടം എന്റ ശ്രദ്ധ പിടിച്ചു പറ്റി.. അവ ഒരു ദിശയിലേക്ക് കുറച്ചു ദൂരം നീന്തി പോയി, തോടുന്നെ അതെ പോലെ തിരുച്ചു വരുകയും ചെയ്തു. പലതവണ വന്നും പോയും കളിച്ചു കൊണ്ടേയിരുന്നു. താഴോട്ട് പോകുന്തോറും, പവിഴ പുറ്റുകൾ കണ്ടു തുടങ്ങി. മഞ്ഞ കലർന്ന മണ്ണിന്റെ നിറമുള്ളതാണ് മിക്കവയും. പല ആകൃതിയിലുള്ള പവിഴ പുറ്റുകളിൽ നാനാ വർണ്ണത്തിലുള്ള മീനുകൾ വന്ന് ഭക്ഷണത്തിനായി ചികയുന്നത് കണ്ടാൽ പൂന്തോട്ടത്തിൽ ചിത്രശലഭങ്ങൾ തേൻ നുകരാൻ പാറി നടക്കുന്നത് പോലെ തോന്നും. പുറ്റുകളുടെ വിടവിലൂടെ എത്തി നോക്കുന്ന ഒരു വിചിത്ര ആരൽ മത്സ്യത്തെ ഇൻസ്ട്രക്റ്റർ കാണിച്ചു തന്നു. സാധാരണ കാണാറുള്ള ആരൽ മത്സ്യതെക്കാൾ ഭംഗിയുണ്ടായിരുന്നു ഇതിന് . കറുപ്പില്‍ നീല നിറത്തിലുള്ള വൃത്തങ്ങൾ ഉള്ള ഇവനെ ലെപെർട്‌ മൊറെ ഈൽ(Leopard Moray Eel) എന്നാണ് വിശേഷിപ്പിക്കുന്നത്. ദേഹത്ത് നീളമുള്ള മുള്ളുകൾ ഉള്ള കടലചേനകൾ (Sea Urchins ) അവിടവിടെയായി സ്ഥലം പിടിച്ചിട്ടുണ്ട്.  






ഒരു ഇരുണ്ട ഗുഹാ മുഖത്ത് ഇൻസ്ട്രക്ടർ എന്നെ നിർത്തി. ഇരുട്ട് വല്ലാതെ എന്നെ അലട്ടി. പുറകോട്ട് പോകാൻ ശ്രമിച്ചപ്പോൾ ഒരു നിമിഷം നില്ക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു. അജ്ഞാതമായ എന്തോ ഒന്നിനെ ഭയന്നു ഇരുട്ടിന്റെ മുന്നിൽ മനസ്സാ മുട്ടുകുത്തി നില്ക്കവേ എനിക്ക് നേരെ ഒരായിരം സ്വർണ്ണ മീനുകൾ ചിന്നിച്ചിതറിയെത്തി. നിമിഷങ്ങൾക്കകം നീന്തി അപ്രത്യക്ഷമാവുകയും ചെയ്തു. ഒരു അവിസ്മരണീയമായ കാഴ്ച തന്നെയായിരുന്നു അത്. ഇനി ഒരിക്കലും മനസ്സിൽ നിന്ന് മായാതെ പതിഞ്ഞു കിടക്കുന്ന ഒരു സ്വപ്നതുല്യമായ അനുഭൂതി. 

അവസാനം കടൽത്തട്ടിനരികെ എത്തി.ഉയർന്ന വായു സമ്മർദ്ദം മൂലം ചെവികൾ വേദനിച്ചു തുടങ്ങിയപ്പോൾ, മൂക്കും വായും അടച്ചു പിടിച്ചു ശ്വാസം വിടാൻ ഇൻസ്ട്രക്ടർ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് വെള്ളത്തിനടിയിൽ വായു മൂലം ഉണ്ടാകുന്ന സമ്മർദ്ദത്തെ ക്രമീകരിക്കുന്നത്. വേദന കുറഞ്ഞപ്പോൾ ഞാൻ വീണ്ടും പരിസരത്തേക്കു ശ്രദ്ധ തിരിച്ചു. അധികം മീനുകൾ ഇവിടില്ല.ഒന്നോ രണ്ടോ സാമാന്യം വലിപ്പമുള്ള മീനുകൾ ഒറ്റോറ്റയായി പിണങ്ങി നില്പ്പുണ്ട്. ഞാനൊന്ന് മുകളിലേക്ക് നോക്കി. നേർത്ത സൂര്യ പ്രകാശം കാണാം. ആ തിളങ്ങുന്ന നീലതിരശ്ശീലക്ക് മുന്നിൽ, ഒഴുകിയെത്തുന്ന ഓളത്തിന് ചുവടു വെക്കുന്ന മത്സ്യങ്ങളേയും, പവിഴപ്പുറ്റുകളെയും, നാനാ വിധ ജീവജാലങ്ങളെയും ഞാൻ നോക്കി നിന്നു.. അമ്പരപ്പോടെ... 

തിരിച്ചു പോകാനുള്ള സമയമായി. ഈ മായാ ലോകത്തോട്‌ വിടപറഞ്ഞു കൊണ്ട് മുകളിലോട്ടുള്ള യാത്ര തുടങ്ങി. മിനിറ്റുകൾക്കകം ഞങ്ങൾ ജല നിരപ്പിലെത്തി. ജാക്കറ്റുകൾ തിരിച്ചേൽപ്പിച്ച്  ഓരോരുത്തരായി ബോട്ടിൽ കയറി.. തൊണ്ടയിൽ ഒരു വരൾച്ചയും, വായിൽ ഉപ്പുരസവും അനുഭവപ്പെട്ടു. എന്നിരുന്നാലും എല്ലാവർക്കും ഒന്നേ പറയാനുണ്ടയിരുന്നോവൊള്ളൂ, 'ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭൂതിയാണിത്'..അനേകം യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും, പലതവണ വരണം എന്ന് തോന്നുന്ന വളരെ ചുരുക്കം സ്ഥലങ്ങളെയുള്ളൂ , അതിലൊന്നാണിത്. മായമോഹിനിയായ നേത്രാണിയും, അവൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ മാന്ത്രിക ലോകവും. 

Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Followers

Text Widget