Monday 17 December 2012

അവിസ്മരണീയ നിമിഷം


വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍  തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ  ഇരുട്ട്  നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍ നിയന്ത്രണമില്ലാതെ ഒഴുകുന്ന ഈ ജലദേവതക്ക് സാധിച്ചേക്കും.

ശിവനസമുദ്ര വെള്ളച്ചാട്ടം കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ് നിലകൊള്ളുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് നൂറ്റിയന്പതു കിലോ മീറ്റര്‍ക്കകലെ പൊടിയും മലിനീകരണവും തൊട്ടശുദ്ധമാക്കിയിട്ടില്ലാത്ത  പ്രകൃതിരമണിനിറഞ്ഞു നില്‍ക്കുന്ന ഒരു നിര മലകള്‍. അതിനിടയിലൂടെ കുതിച്ചു വീഴുന്ന കാവേരി നദി. ലോകത്തിലെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളില്‍  ന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. കാവേരി നദി രണ്ടു കൈവഴികളായി തിരിഞ്ഞു തൊണ്ണൂറടി താഴേക്ക് വീഴുന്ന കാഴ്ച ഇന്നും എന്നില്‍ രോമാഞ്ജമുണര്‍ത്തുന്നു. ഇതില്‍ ഒന്നിനെ ഗഗന ചുക്കി എന്നും മറ്റേതിനെ ബാര ചുക്കി എന്നും വിളിക്കും. 



നഗരാതിര്‍ത്തി വിടുമ്പോള്‍ തന്നെ വേറൊരു ലോകത്തെത്തുന്ന പ്രതീതിയാണ്. ആളൊഴിഞ്ഞ വീഥികളിലേക്ക് ശിഖരങ്ങള്‍ താഴ്ത്തി നില്‍ക്കുന്ന മുത്തശ്ശി മരങ്ങള്‍. അവയില്‍ നിന്ന് വീഴുന്ന പൂക്കള്‍ പട്ട് പരവതാനി പോലെ നമ്മെ വരവേല്‍ക്കും. ഈ പ്രദേശത്തിന്‍റെ കാതല്‍, അതിന്‍റെ  കളങ്കം തട്ടാത്ത നാട്ടുവഴികളും അതിനോടൊട്ടിയുരുമ്മി  നില്‍ക്കുന്ന പുല്‍ത്തകിടികളുമാണ് . ഹരിത ഭംഗിക്ക് അലങ്കാരമെന്നോണം ഇടയ്ക്കിടെ സൂര്യകാന്തി  വയലുകളും കരിമ്പിന്‍ തോട്ടങ്ങളും കാണാം. ചീറിപ്പായുന്ന വാഹനങ്ങളുടെ അഭാവം കൊണ്ടാവാം, ഹൃദ്യമായ ഒരു കുളിരും ശാന്തതയും അനുഭവപ്പെടും.



മൂന്നുമണിക്കൂര്‍ യാത്രക്കൊടുവില്‍ നട്ടുച്ചയ്ക്ക് ഞങ്ങള്‍ ബാര ചുക്കി വെള്ളച്ചാട്ടതിനടുത്ത് എത്തി. സൂര്യന്‍റെ താപം ഉച്ചിയില്‍ നില്‍ക്കുന്ന സമയത്തില്‍ കണ്ണുകള്‍ അറിയാണ്ട് ചിമ്മി അടഞ്ഞുപോയി . മലയുടെ കിഴുക്കാംതൂക്കില്‍ നിന്ന് കാണുന്നത് വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്. കറുത്തിരുണ്ട പടുകൂറ്റന്‍ പാറകെട്ടിനിടയിലൂടെ വളഞ്ഞു പുളഞ്ഞു നിലം പതിക്കുന്ന കാവേരി നദി. വേനല്‍ക്കാലമായതുകൊണ്ടാവാം  ദൂരെനിന്നു കാണുമ്പോള്‍ ഒഴുക്കിന് ലേശം ശക്തിക്കുറവു തോന്നുന്നുണ്ട്. കുറച്ചു മുന്നോട്ടു നടക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് നടന്നിറങ്ങാന്‍ പടികള്‍ കെട്ടിയിട്ടിട്ടുണ്ട്. ഏകദേശം ഇരുന്നൂറ് പടികള്‍.... .


അധികം ആയാസമില്ലാതെ ഞങ്ങള്‍ പടികള്‍ ഓടിയിറങ്ങി. താഴോട്ടെത്തിയപ്പോള്‍ കണ്ടത് ഒരു വലിയ ജനക്കൂട്ടം തന്നെയായിരുന്നു.  വെള്ളച്ചാട്ടത്തിനടുതെത്താന്‍ ഇനിയും കുറച്ചു ദൂരം പോകണമത്രേ. നിരപ്പല്ലാത്ത തുറസ്സായ നിലത്തിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. പോകുന്ന വഴിയെങ്ങും രസകരമായ കാഴ്ചകള്‍ കാണാം. ആരുടേയും ഉമിനീര്‍ ഗ്രന്ധികളെ ഉണര്‍ത്തുന്ന ഉപ്പും മുളകും തേച്ചു പിടിപ്പിച്ച പച്ച മാങ്ങ കഷ്ണങ്ങള്‍ നീട്ടി നില്‍ക്കുന്ന ഒരു കൂട്ടര്‍, പ്രത്യേക തരം എണ്ണയാണെന്നും അതുകൊണ്ട് തിരുമ്മല്‍ ചികിത്സ നടത്തിയാല്‍ മാറാത്ത രോഗമില്ലെന്നു വാദിക്കുന്ന വേറെ ചിലര്‍, അത് വിശ്വസിച്ച് മുന്നിലിരുന്നു കൊടുക്കുന്ന കുറച്ചു കുടവയറന്‍മാര്‍, പിന്നെ സഞ്ചാരികളുടെ കൈയില്‍ നിന്നും എന്തും തട്ടിപറിക്കുന്ന കുരങ്ങന്മാര്‍, കുട്ടിയുടുപ്പിട്ട നായ്ക്കളും അവരുടെ യജമാന്മാരും, ഇതെല്ലം കണ്ടു ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന കുറെ വിദേശികള്‍.


വിഭിന്നമായ കുറെ കാഴ്ചകള്‍ കണ്ടുകൊണ്ട്, പാറകളും ചെറിയ ആറുകളും താണ്ടി, വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കുന്ന ദിശയിലേക്ക് ഞങ്ങള്‍ നടന്നു. അടുക്കുംതോറും മുഴക്കം ഉച്ചതിലായികൊണ്ടിരുന്നു. ദൂരെനിന്നു തന്നെ വെള്ളച്ചാട്ടം കാണാവുന്നതാണ്. ഏതു കൊടുമുടിയില്‍ നിന്നാലും, എത്ര ശക്തി ആര്‍ജിച്ചാലും, താഴോട്ട് വീഴാം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് കുതിച്ചു വീഴുന്ന നദിയെ ഞാന്‍ നെടുവീര്‍പ്പോടെ നോക്കിനിന്നു. തടാകം പോലെ കെട്ടിനിന്നിരുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ ഒരു ജനപ്രവാഹം തന്നെ ഉണ്ടായിരുന്നു . തിക്കിലും തിരക്കിലും ഇടയിലൂടെ പതിയെ ആ പായല്‍ പിടിച്ച വെള്ളത്തില്‍ ഇറങ്ങി. മലിനമായ വെള്ളമായിരുന്നതിനാല്‍ തിരക്കില്ലാത്ത സ്ഥലത്തേക്ക്, കുറച്ചുകൂടി മുകളിലേക്ക് കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു.



വളരെ പ്രയാസപ്പെട്ട് വഴുക്കലുള്ള പാറകെട്ടിലേക്ക് പിടിച്ചുകയറി മുകളിലേക്ക് നീങ്ങി . ചുവടൊന്നു പതറിയാല്‍ കരിങ്കല്‍കെട്ടുകളില്‍ തട്ടി ചിന്ന ഭിന്നമയിപോകും. ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും ഉയരത്തിലേക്ക് കയറാനുള്ള ആവേശത്തിലായിരുന്നു ഏവരും. മുകളിലെത്തിയപ്പോള്‍ ഒരു മൂടല്‍ അനുഭവപ്പെട്ടു, വെള്ളം ശക്തിയോടെ പാറക്കെട്ടിലേക്ക് വീണ് നീരാവിയായി പോകുന്നതായിരുന്നു അത്. കരുതലോടെ ഞങ്ങള്‍ ആ വെള്ള പ്രവാഹത്തിനു തൊട്ടു താഴെ നില്‍ക്കാന്‍ ഒരു ഉരുളന്‍ പാറയില്‍ പിടിച്ചിറങ്ങി. ആത്മാവിനെ തണുപ്പിക്കാന്‍ ശേഷിയുള്ള ആ വെള്ളത്തിന്‍റെ തിരശീലയുടെ പിന്നിലേക്ക്‌, ഒരു പാറക്കെട്ടിലെക്ക്  ഞാന്‍ ചാരിനിന്നു. ..






ഏകദേശം 50 അടിക്കുയരെ, കുതിച്ചു വീഴുന്ന വെള്ളത്തിനടിയില്‍ ഒരു അവിസ്മരണീയ നിമിഷം. ശക്തിയുള്ള കാറ്റ് മുഖത്തേക്ക് ആഞ്ഞടിക്കുമ്പോഴും, വെള്ളത്തിന്‍റെ ഊക്ക് കൂടിക്കൊണ്ടിരിക്കുമ്പോഴും ദിവ്യമായ ഒരു നിര്‍വൃതി അനുഭവപ്പെട്ടു. ഓരോ നിമിഷം പിന്നിടുമ്പോഴും  മനസ്സ് സ്വരൂപമില്ലാത്ത വെള്ളത്തെ പോലെ, തെളിച്ചമില്ലാത്ത നീരാവിയെപ്പോലെ മാറികൊണ്ടിരുന്നു. തിരക്കേറിയ ജീവിതത്തില്‍ താലോലിക്കാന്‍ മറന്നു പോയ കുറെ നിമിഷങ്ങള്‍, വ്യക്തികള്‍, ബന്ധങ്ങള്‍ മനസ്സിന്‍റെ വെള്ളിത്തിരയില്‍ നിറഞ്ഞു വന്നു. വികാരങ്ങളുടെ മുന്നില്‍ അടിയറവുവെച്ച്, എന്നെത്തന്നെ ഉള്‍കൊള്ളാന്‍ ഞാന്‍ അവയെ അനുവദിച്ചു. കലര്‍പ്പില്ലാത്ത ശുദ്ധമയി ഒഴുകുന്ന വെള്ളം മനസ്സിന്‍റെ വേവലാധികളെ തുടച്ചു നീക്കികൊണ്ടിരുന്നു. പിന്നെ പതിയെ ചിന്തകള്‍ക്ക് സ്പഷ്ട്ടതയാര്‍ജിച്ചു, തീരുമാനങ്ങള്‍ക്ക് ദൃഡതയേറി, ആശയങ്ങള്‍ക്ക് ചിറകുമുളച്ചു. വെള്ളതുള്ളികള്‍ക്കിടയിലൂടെ ഒരായിരം മഴവില്ലുകള്‍ ഞാന്‍ കണ്ടു.


വീണ്ടെടുപ്പിന്‍റെ അനുഭൂതി സമ്മാനിച്ച നദിയോട് വിടപറഞ്ഞുകൊണ്ട് ഞങ്ങള്‍ താഴോട്ടിറങ്ങി .

Mathrubhumi Blogs

Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Followers

Text Widget